കേപ്‌ടൗണ്‍: ടി20 ലോകകപ്പിനുള്ള ഒരുക്കങ്ങളുടെ തുടക്കം മികച്ചതാക്കി ഇന്ത്യന്‍ വനിതകള്‍. ത്രിരാഷ്‌ട്ര ടി20 ടൂര്‍ണമെന്‍റില്‍ ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കെതിരായ ആദ്യ മത്സരത്തില്‍ 27 റണ്‍സിന്‍റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്. ഓള്‍റൗണ്ടിങ് മികവുമായാണ് ഇന്ത്യ മത്സരം പിടിച്ചത്.
ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 147 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 120 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അരങ്ങേറ്റക്കാരി അമൻജോത് കൗറിന്‍റെയും ദീപ്‌തി ശര്‍മയുടെയും പ്രകടനമാണ് ഇന്ത്യയ്‌ക്ക് നിര്‍ണായകമായത്.
30 പന്തില്‍ 41 റണ്‍സടിച്ച് പുറത്താവാതെ നിന്ന അമൻജോത് കൗര്‍ ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ദീപ്‌തി ശര്‍മ (23 പന്തില്‍ 33), യാസ്‌തിക ഭാട്ടിയ (34 പന്തില്‍ 35) എന്നിവരും നിര്‍ണായക സംഭാവന നല്‍കി. പുറത്തായ മറ്റ് താരങ്ങള്‍ക്ക് രണ്ടക്കം തൊടാനായില്ല.
സ്ഥിരം നായിക ഹര്‍മന്‍ പ്രീത് കൗറിന്‍റെ അഭാവത്തില്‍ സ്‌മൃതി മന്ദാനയാണ് ടീമിനെ നയിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയ്‌ക്ക് മോശം തുടക്കമാണ് ലഭിച്ചത്. 12 ഓവര്‍ പിന്നിടും മുമ്പ് 65ന് അഞ്ച് വിക്കറ്റ് എന്നീ നിലയിലായിരുന്നു സംഘം.
ക്യാപ്റ്റന്‍ സ്‌മൃതി മന്ദാന (7), ഹർലീൻ ഡിയോൾ (8), ജെമീമ റോഡ്രിഗസ് (0) എന്നിവരാണ് ആദ്യം പുറത്തായത്. പിന്നാലെ ഒരറ്റത്ത് പിടിച്ചു നിന്നിരുന്ന യാസ്‌തികയും വീണു. ദേവിക വൈദ്യയാണ് അഞ്ചാമതായി തിരിച്ച് കയറിയത്.
തുടര്‍ന്ന് ഒന്നിച്ച ദീപ്‌തി ശര്‍മയും അമൻജോതും ചേര്‍ന്നാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 76 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി. 19-ാം ഓവറിന്‍റെ അഞ്ചാം പന്തിലാണ് ദീപ്‌തി പുറത്താവുന്നത്.
അമൻജോതിനൊപ്പം സ്‌നേഹ് റാണയും (2) പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്‌ക്കായി നോൺകുലുലെക്കോ മ്ലാബ രണ്ട് വിക്കറ്റ് വീഴ്‌ത്തി.
അതേനാണയത്തില്‍ തിരിച്ചടി:മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് ഇന്ത്യ അതേനാണയത്തില്‍ മറുപടി നല്‍കി. 12 ഓവര്‍ പിന്നിടും മുമ്പ് അഞ്ചിന് 64 റണ്‍സ് എന്ന നിലയിലായിരുന്നു ആതിഥേയര്‍. പിന്നീടും തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ ബോളര്‍മാര്‍ ദക്ഷിണാഫ്രിക്കയെ മുന്നേറാന്‍ അനുവദിച്ചില്ല.
30 പന്തില്‍ 29 റണ്‍സെടുത്ത ക്യാപ്റ്റന്‍ സുനെ ലൂസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. മാരിസാൻ കാപ്പ് (22 പന്തില്‍ 22), ട്രിയോൺ (20 പന്തില്‍ 26) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. ഇന്ത്യയ്‌ക്കായി ദീപ്‌തി ശര്‍മ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ദേവിക വൈദ്യ രണ്ട് വിക്കറ്റുകള്‍ നേടി.
രാജേശ്വരി ഗയ്ക്വാദ്, സ്‌നേഹ് റാണ, രാധ യാദവ് എന്നിവര്‍ ഓരോ വിക്കറ്റു വീതവും നേടി. അമന്‍ജോതാണ് മത്സരത്തിലെ താരം. ജനുവരി 23ന് വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. പരസ്‌പരം രണ്ട് മത്സരങ്ങള്‍ വീതം കളിച്ച് കൂടുതല്‍ പോയിന്‍റ് നേടുന്ന രണ്ട് ടീമുകള്‍ ഫൈനല്‍ കളിക്കുന്ന രീതിയിലാണ് ടൂര്‍ണമെന്‍റിന്‍റെ ഫോര്‍മാറ്റ്.
ALSO READ:'എനിക്ക് നിങ്ങളെ കുറിച്ച് ഒരു പുസ്‌തകം എഴുതാം' ; ഹാഷിം അംലയുടെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി എബി ഡിവില്ലിയേഴ്‌സ്