മുംബൈ :ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഏക ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് വമ്പന്‍ മേല്‍ക്കൈ (India Women vs Australia Women). മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത് ഓസീസ് നേടിയ 219 റണ്‍സിന് മറുപടിക്ക് ഇറങ്ങിയ ഇന്ത്യ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ 7 വിക്കറ്റിന് 376 റണ്‍സ് എന്ന നിലയിലാണ്. നിലവില്‍ ഇന്ത്യയ്‌ക്ക് 157 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡുണ്ട് (INDW vs AUSW Only Test Day 2 Highlights).
ദീപ്‌തി ശര്‍മ Deepti Sharma (147 പന്തില്‍ 70), പൂജ വസ്‌ത്രാകര്‍ (115 പന്തില്‍ 33) എന്നിവരാണ് പുറത്താവാതെ നില്‍ക്കുന്നത്. എട്ട് ബോളര്‍മാരെയും 100 ഓവറുകളുമാണ് ആതിഥേയര്‍ ഇന്ന് നേരിട്ടത്. ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 98 റണ്‍സ് എന്ന നിലയില്‍ ആയിരുന്നു ഇന്ത്യ രണ്ടാം ദിനത്തില്‍ കളിക്കാനിറങ്ങിയത്. വൈസ് ക്യാപ്റ്റന്‍ സ്‌മൃതി മന്ദാനയും സ്‌നേഹ് റാണയുമായിരുന്നു ആദ്യം ക്രീസിലെത്തിയത്.
സ്‌നേഹ് റാണ പ്രതിരോധിച്ച് നിന്നപ്പോള്‍ സ്‌മൃതി മന്ദാന (Smriti Mandhana) സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍ സ്‌നേഹ് റാണയെ (57 പന്തില്‍ 9) വീഴ്‌ത്തിയ ആഷ്‌ലി ഗാര്‍ഡ്‌നര്‍ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ സ്‌മൃതി റണ്ണൗട്ടാവുക (106 പന്തില്‍ 74) കൂടി ചെയ്‌തതോടെ ഓസീസിന് ആത്മവിശ്വാസമായി. എന്നാല്‍ പിന്നീട് ഒന്നിച്ച ജമീമ റോഡ്രിഗസും അരങ്ങേറ്റക്കാരി റിച്ച ഘോഷും ചേര്‍ന്ന് അതു തല്ലിക്കെടുത്തി.
113 റണ്‍സ് ചേര്‍ത്ത ഇരുവരും ഇന്ത്യയ്‌ക്ക് ലീഡ് നല്‍കിയതിന് ശേഷമാണ് മടങ്ങിയത്. റിച്ച ഘോഷിനെ (104 പന്തില്‍ 52) കിം ഗാര്‍ത്തും ജമീമ റോഡ്രിഗസിനെയും (121 പന്തില്‍ 73) ആഷ്‌ലി ഗാര്‍ഡ്‌നറുമാണ് തിരിച്ച് കയറ്റിയത്. പിന്നീടെത്തിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (2 പന്തില്‍ 0), യാസ്‌തിക ഭാട്ടിയ (1 പന്തില്‍ 7) എന്നിവരെ ആഷ്‌ലി നിലയുറപ്പിക്കാന്‍ അനുവദിക്കാതിരുന്നതോടെ ഓസീസ് തിരിച്ചുവരവും പ്രതീക്ഷിച്ചു.
എന്നാല്‍ എട്ടാം വിക്കറ്റില്‍ ഒന്നിച്ച ദീപ്‌തി ശര്‍മയേയും പൂജ വസ്‌ത്രാകറിനേയും പിരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. നിലവില്‍ 102* റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയിട്ടുള്ളത്. ഇന്ത്യയ്‌ക്ക് മികച്ച തുടക്കം ഉറപ്പിച്ചഷെഫാലി വര്‍മയുടെ (59 പന്തില്‍ 40) വിക്കറ്റായിരുന്നു ഇന്ത്യയ്‌ക്ക് ആദ്യ ദിനം നഷ്‌ടമായത്. ഓസ്‌ട്രേലിയയ്‌ക്ക് ആയി ആഷ്‌ലി ഗാര്‍ഡ്‌നര്‍ നാലും കിം ഗാര്‍ത്ത്, ജെസ്സ് ജോണ്‍സണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവുമാണ് നേടിയിട്ടുള്ളത്.
അതേസമയം ടോസ് നേടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഓസീസിനെ നാല് വിക്കറ്റുമായി പൂജ വസ്‌ത്രാകറും മൂന്ന് വിക്കറ്റെടുത്ത സ്നേഹ് റാണയും ചേര്‍ന്നാണ് എറിഞ്ഞിട്ടത്. 56 പന്തില്‍ 50 റണ്‍സെടുത്ത താഹ്‌ലിയ മക്ഗ്രാത്താണ് സന്ദര്‍ശകരുടെ ടോപ് സ്കോറര്‍. ഓപ്പണര്‍ ബെത്ത് മൂണി (94 പന്തില്‍ 40), ക്യാപ്റ്റന്‍ അലീസ ഹീലി (75 പന്തില്‍ 38), കിങ് ഗാര്‍ത്ത് (71 പന്തില്‍ 28*) എന്നിവരാണ് ഓസീസിനായി പൊരുതിയ മറ്റ് താരങ്ങള്‍.
ALSO READ: ആ കാലമൊക്കെ കഴിഞ്ഞു, ഈ രോഹിത്തിനെ പിടിച്ചാല്‍ കിട്ടില്ല; ആരെറിഞ്ഞാലും അടിക്കുമെന്ന് സഞ്ജയ് മഞ്ജരേക്കര്‍