മുംബൈ:ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഏകദിന പരമ്പരയില്‍ ആശ്വാസ വിജയം നേടാന്‍ ഇന്ത്യയ്‌ക്ക് ഏറെ വിയര്‍ക്കണം. മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ ഇന്ത്യയക്ക് മുമ്പില്‍ ഉയര്‍ത്തിയത് കൂറ്റന്‍ ലക്ഷ്യം. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഓസീസ് നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റിന് 338 റണ്‍സാണ് അടിച്ച് കൂട്ടിയത്. (India Women vs Australia Women 3rd ODI Score Updates)
ഓപ്പണര്‍മാരായ ഫീബ് ലിച്ച്‌ഫീൽഡിന്‍റെ (Phoebe Litchfield ) സെഞ്ചുറിയും ക്യാപ്റ്റന്‍ അലീസ ഹീലിയുെട അര്‍ധ സെഞ്ചുറിയുമാണ് ടീമിനെ മികച്ച നിലയിലേക്ക് നയിച്ചത്. ലിച്ച്‌ഫീൽഡ് 125 പന്തില്‍ 119 റണ്‍സും അലീസ 85 പന്തില്‍ 4 ബൗണ്ടറികളും 3 സിക്‌സും സഹിതം 82 റണ്‍സുമാണ് അടിച്ചത്.
പതിഞ്ഞും തെളിഞ്ഞും ലിച്ച്‌ഫീൽഡും അലീസ ഹീലിയും നിലയുറപ്പിച്ചതോടെ ഇന്ത്യന്‍ ബോളര്‍മാര്‍ വിയര്‍ക്കുന്ന കാഴ്‌ചയാണ് കാണാന്‍ കഴിഞ്ഞത്. ഏറെ അപകടകരമായി മാറിയ ഈ കൂട്ടുകെട്ട് 29-ാം ഓവറിലാണ് ഇന്ത്യയ്‌ക്ക് പിരിക്കാന്‍ കഴിയുന്നത്. പൂജ വസ്‌ത്രാകറിന്‍റെ പന്തില്‍ ഹീലി ബൗള്‍ഡ്. 189 റണ്‍സായിരുന്നു ഇരുവരും ചേര്‍ന്ന് നേടിയത്.
ഇതിന് ശേഷം തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്‌ത്താന്‍ കഴിഞ്ഞത് ഇന്ത്യയ്‌ക്ക് ആശ്വാസമായി. മൂന്നാം നമ്പറിലെത്തിയ എല്ലിസ് പെറി ആക്രമിച്ചാണ് കളിച്ചത്. പെറി ആദ്യം നല്‍കിയ അവസരം സ്‌മൃതി മന്ദാന നഷ്‌ടപ്പെടുത്തി. എന്നാല്‍ അമന്‍ജ്യോത് കൗറിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയതോടെ പെറിക്ക് (9 പന്തില്‍ 16) പിന്നാലെ തന്നെ മടങ്ങേണ്ടി വന്നു.