മുംബൈ:ഐപിഎല്ലില്‍ വേഗതയും കൃത്യതയും കൊണ്ട് എതിരാളികളെ ഭയപ്പെടുത്തുന്ന ബൗളറായി മാറിയിരിക്കുകയാണ് സണ്‍ റൈസേഴ്‌സിന്‍റെ ഉമ്രാന്‍ മാലിക്. മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കുന്നതിന് പിന്നാലെ അദ്ദേഹത്തെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ക്രിക്കറ്റ് ലോകത്ത് ആവശ്യം ശക്തമാകുകയാണ്. ഇതിനിടെയാണ് രാഷ്‌ട്രീയ രംഗത്ത് നിന്നുള്ള പ്രമുഖനേതാക്കൾ ജമ്മു കശ്‌മീരില്‍ നിന്നുള്ള 22-കാരന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തുന്നത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, മുന്‍ ധനമന്ത്രിയുമായ പി ചിദംബരമാണ് ഉമ്രാന്‍ മാലിക്കിനെ ദേശീയ ടീമിലേക്ക് പരിഗണിക്കണം എന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലെ അഞ്ച് വിക്കറ്റ് നേട്ടത്തിന് പിന്നാലെയാണ് ഉമ്രാനെ ടീമിലെടുക്കണമെന്ന് അദ്ദേഹം ബിസിസിഐയോട് അഭ്യര്‍ഥിച്ചത്. സണ്‍റൈസേഴ്‌സ് താരത്തിനായി പ്രത്യേക പരിശീലകനെ നിയമിക്കണം എന്നും കോണ്‍ഗ്രസ് നേതവ് ആവശ്യപ്പെട്ടു.