പല്ലെകെലെ : ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ മൂന്നാം ഏകദിനത്തിലെ ജയത്തോടെ പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍. അവസാന മത്സരത്തിൽ 39 റൺസിന്‍റെ വിജയമാണ് ഇന്ത്യൻ വനിതകൾ സ്വന്തമാക്കിയത്. നിശ്ചിത 50 ഓവറിൽ ഇന്ത്യ ഉയർത്തിയ 256 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്കൻ വനിതകൾ 47.3 ഓവറിൽ 216 റൺസിന് എല്ലാവരും പുറത്തായി.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്‌ക്ക് വേണ്ടി നായിക ഹർമൻപ്രീത് കൗർ തകർപ്പൻ ബാറ്റിങ് കാഴ്‌ചവച്ചു. 88 പന്തുകളിൽനിന്ന് 75 റൺസാണ് താരം നേടിയത്. 65 പന്തുകളിൽ നിന്ന് 56 റൺസെടുത്ത് പുറത്താവാതെ നിന്ന പൂജ വസ്‌ത്രാകറും 49 റൺസ് നേടിയ ഓപ്പണർ ഷഫാലി വർമയും മികച്ച പ്രകടനം പുറത്തെടുത്തു.
ഹർലീന്‍ ഡിയോള്‍(1), ദീപ്‌തി ശർമ(4), റിച്ച ഘോഷ്(2), മേഘ്ന സിംഗ്(8), രേണുക സിങ്(2), രാജേശ്വരി ഗെയ്‌ക്‌വാദ് (3*) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്കോർ. ശ്രീലങ്കയ്‌ക്ക് വേണ്ടി ഇനോക രണവീര, ചമരി അത്തപത്തു, രശ്‌മി ഡി സിൽവ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.