മിര്‍പൂര്‍ :ബംഗ്ലാദേശിനെതിരായ ടി20 പരമ്പര പിടിക്കാന്‍ ഇന്ത്യന്‍ വനിതകള്‍ നാളെയിറങ്ങും. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം ടി20 നാളെ മിര്‍പൂരിലെ ഷേർ-ഇ-ബംഗ്ല നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കും. ഉച്ചയ്‌ക്ക് 1.30 മുതലാണ് കളി ആരംഭിക്കുക.
ഇതേ വേദിയില്‍ നടന്ന ആദ്യടി20-യില്‍ തകര്‍പ്പന്‍ വിജയം നേടിയ ആത്മവിശ്വാസത്തോടെയാണ് സന്ദര്‍ശകര്‍ ഇറങ്ങുന്നത്. ബോളിങ്ങില്‍ മലയാളി താരം മിന്നു മണിയും ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും തിളങ്ങിയ മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യ വിജയം പിടിച്ചത്. തന്‍റെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ മിന്നു മണി മൂന്ന് ഓവറില്‍ 21 റണ്‍സിന് ഒരു വിക്കറ്റാണ് വീഴ്‌ത്തിയിരുന്നത്.
35 പന്തില്‍ പുറത്താവാതെ 54 റണ്‍സായിരുന്നു ഹര്‍മന്‍പ്രീത് കൗര്‍ അടിച്ച് കൂട്ടിയത്. 34 പന്തില്‍ 38 റണ്‍സ് നേടിയ സ്‌മൃതി മന്ദാനയുടെ പ്രകടനവും ഇന്ത്യയ്‌ക്ക് നിര്‍ണായകമായിരുന്നു.
ഷഫാലി തിളങ്ങണം : ഓപ്പണര്‍ ഷഫാലി വര്‍മയുടെ മോശം പ്രകടനം ഇന്ത്യയ്‌ക്ക് തലവേദനയാവുകയാണ്. സമീപ കാലത്തായി തന്‍റെ മികവിനൊത്ത പ്രകടനം നടത്താന്‍ ഷഫാലിക്ക് കഴിഞ്ഞിട്ടില്ല. ബംഗ്ലാദേശിനെതിരായ ആദ്യ ടി20യില്‍ മൂന്ന് പന്തുകള്‍ നേരിട്ട 20-കാരിയായ താരം അക്കൗണ്ട് തുറക്കാതെയാണ് തിരിച്ച് കയറിയത്.
ബംഗ്ലാദേശിന്‍റെ മീഡിയം പേസർ മറൂഫ അക്‌തറിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി മടങ്ങുമ്പോള്‍ ഷഫാലിയുടെ ഫുട്‌വർക്കിന്‍റെ പോരായ്‌മ ഒരിക്കല്‍ കൂടി പ്രകടമാവുകയായിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളായ ഷഫാലി, 20 വയസ് തികയും മുമ്പ് തന്നെ ഇന്ത്യയ്‌ക്കായി 57 ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. സ്‌ഫോടനാത്മക ബാറ്റിങ്ങാണ് താരത്തിന്‍റെ ട്രേഡ് മാര്‍ക്ക്.
എന്നാല്‍ ക്രിക്കറ്റിന്‍റെ ചെറിയ ഫോര്‍മാറ്റിലെ അവസാനത്തെ 10 മത്സരങ്ങളില്‍ ഒരിക്കല്‍ മാത്രമാണ് താരത്തിന് 50-ലധികം റണ്‍സ് സ്‌കോർ ചെയ്യാന്‍ കഴിഞ്ഞത്. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയൻ വനിതകൾക്കെതിരായ ഹോം സീരീസിനിടെയായിരുന്നു ടി20യിലെ ഷഫാലിയുടെ അവസാന അര്‍ധ സെഞ്ചുറി പിറന്നത്.
തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിൽ നടന്ന ടി20 ലോകകപ്പില്‍ കാര്യമായ പ്രകടനം നടത്താന്‍ താരത്തിന് സാധിച്ചിരുന്നില്ല. ടെക്‌നിക്കില്‍ ഉള്‍പ്പടെയുള്ള ചില പ്രശ്‌നങ്ങള്‍ ഷഫാലി പരിഹരിക്കേണ്ടതുണ്ട്. ഇതിന് ഒത്ത എതിരാളികളാണ് ബംഗ്ലാദേശ് എന്നാണ് പൊതുവെ വിലയിരുത്തല്‍. നിലവിലെ മുഖ്യ പരിശീലകന്‍ അമോൽ മുജുംദാറിനൊപ്പം തന്‍റെ ഫോം വീണ്ടെടുത്ത് ഇന്ത്യയ്‌ക്കായി റണ്‍സടിച്ച് കൂട്ടാന്‍ ഷഫാലിക്ക് കഴിയുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.
ALSO READ:Rohit Sharma | "ക്യാപ്റ്റന്‍സി പോര, കപ്പടിക്കുന്നില്ല": രോഹിത്തിന്‍റെ കാര്യത്തില്‍ നിരാശനെന്ന് സുനില്‍ ഗവാസ്‌കര്‍
മത്സരം കാണാനുള്ള വഴി : ഇന്ത്യന്‍ വനിതകളും ബംഗ്ലാദേശ് വനിതകളും തമ്മിലുള്ള മത്സരങ്ങള്‍ ഇന്ത്യയിൽ ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്നില്ല. ഫാൻകോഡ് ആപ്പില്‍ മത്സരത്തിന്‍റെ തത്സമയ സ്‌ട്രീമിങ് ലഭ്യമാണ്.
ഇന്ത്യ ടി20 സ്‌ക്വാഡ് : ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, ഷഫാലി വര്‍മ, ജമീമ റോഡ്രിഗസ്, യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), ഹര്‍ലിന്‍ ഡിയോള്‍, ദേവിക വൈദ്യ, ഉമ ഛേത്രി (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, എസ്. മേഘന, പൂജ വസ്ത്രാകര്‍, മേഘന സിങ്, അഞ്ജലി സര്‍വാനി, മോണിക്ക പട്ടേല്‍, റാഷി കനോജി, അനുഷ ബാറെഡ്ഡി, മിന്നു മണി.
ബംഗ്ലാദേശ് ടി20 സ്‌ക്വാഡ് : നിഗർ സുൽത്താന (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ഷമീമ സുൽത്താന, മുർഷിദ ഖാത്തൂൺ, ശോഭന മോസ്തരി, ഷൊർണ അക്തർ, റിതു മോനി, നഹിദ അക്തർ, ഫാഹിമ ഖാത്തൂൺ, റബീയ ഖാൻ, ഷൻജിദ അക്തർ, സൽമ ഖാത്തൂൺ, മറൂഫ അക്തർ, ദിലാര അക്തർ, ദിഷ ബിശ്വാസ്, സുൽത്താന ഖാത്തൂൺ, ഷാതി റാണി.