മുംബൈ: സൂര്യകുമാർ യാദവിനെയും ഇഷാൻ കിഷനെയും ഉൾപ്പെടുത്തി ഓസ്ട്രേലിയയ്ക്ക് എതിരെ ഫെബ്രുവരി ഒൻപതിന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഇരുവർക്കും ആദ്യമായാണ് ഇന്ത്യൻ ടെസ്റ്റ് ടീമില്‍ അവസരം ലഭിക്കുന്നത്. പരിക്കിന്‍റെ പിടിയിലുള്ള ജസ്‌പ്രീത് ബുംറ, അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള റിഷഭ് പന്ത് എന്നിവരെ ടീമിലേക്ക് പരിഗണിച്ചില്ല.
പരിക്കിനെ തുടർന്ന് 2022 ഓഗസ്റ്റ് മുതല്‍ ഇന്ത്യൻ ടീമിന് പുറത്തായിരുന്ന രവീന്ദ്ര ജഡേജയെ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. എന്നാല്‍ ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ മാത്രമേ രവി ജഡേജയെ അന്തിമ ഇലവനിലേക്ക് പരിണിക്കുകയുള്ളൂ.
കിവീസിനെതിരെ സഞ്ജുവില്ല:ന്യൂസിലന്‍ഡിനെതിരായ ഏകദിന-ടി20 പരമ്പരകള്‍ക്കായുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ് സ്ഥാനമില്ല. ശ്രീലങ്കയ്‌ക്കെതിരായി നടന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ താരത്തിന് പരിക്കേറ്റിരുന്നു. പരിക്കില്‍ നിന്ന് സഞ്‌ജു പൂര്‍ണ മുക്തി നേടാത്തതിനെ തുടര്‍ന്നാണ് ടീമിലേക്ക് പരിഗണിക്കാത്തതെന്നാണ് സൂചന.
ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ സഞ്‌ജുവിന് പകരക്കാരനായെത്തിയ ജിതേഷ് ശര്‍മയെ കിവീസിനെതിരായ ടി20 സീരീസിനുള്ള ഇന്ത്യന്‍ സ്ക്വാഡിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് വര്‍ഷത്തിന് ശേഷം പ്രിഥ്വി ഷായും ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. അതേസമയം, വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് കെഎല്‍ രാഹുല്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ കളിക്കില്ല.
നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയ്‌ക്ക് ശേഷമാണ് കിവീസിനെതിരായ പോരാട്ടം ആരംഭിക്കുന്നത്. ഏകദിന മത്സരങ്ങളാണ് പരമ്പരയില്‍ ആദ്യം. ജനുവരി 18ന് ഹൈദരാബാദിലാണ് പരമ്പരയിലെ ആദ്യ മത്സരം. 21ന് രണ്ടാം മത്സരം റായ്‌പൂരിലും 24ന് അവസാന മത്സരം ഇന്‍ഡോറിലും നടക്കും.
രോഹിത് ശര്‍മ നായകനാകുന്ന ഇന്ത്യയുടെ ഏകദിന ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി കെഎസ് ഭരതിനെയാണ് ബിസിസിഐ പരിഗണിച്ചിരിക്കുന്നത്. ഒപ്പം ഇഷാന്‍ കിഷനും ഇന്ത്യന്‍ നിരയിലുണ്ട്. വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ശുഭ്‌മാന്‍ ഗില്‍ എന്നിവരാണ് ബാറ്റര്‍മാര്‍.
ഓള്‍ റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ഷഹ്‌ബാസ് അഹമ്മദ് എന്നിവരും ഇടം കണ്ടെത്തി. ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക് എന്നിവരാണ് പേസ് പേസ് ബോളര്‍മാര്‍. കുല്‍ദീപ്-ചാഹല്‍ സഖ്യത്തിനാണ് സ്‌പിന്‍ ബോളിങ് ചുമതല.
ടി20 ടീം: ഹാര്‍ദിക് പാണ്ഡ്യക്ക് കീഴിലുള്ള സംഘമാണ് കിവീസിനെതിരെ ടി20 മത്സരങ്ങള്‍ക്കിറങ്ങുന്നത്. സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നീ താരങ്ങളെ ഈ ടി20 പരമ്പരയിലും ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. വരാനിരിക്കുന്ന ഏകദിന ലോകകപ്പ് പരിഗണിച്ച് സീനിയര്‍ താരങ്ങളെ എല്ലാ ഫോര്‍മാറ്റിലും കളിപ്പിക്കില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.
ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിരുന്ന മിക്ക താരങ്ങളും കിവീസിനെതിരായ പരമ്പരയ്‌ക്കുള്ള ടീമിലും ഇടം നേടിയിട്ടുണ്ട്. പ്രിഥ്വി ഷായുടെ മടങ്ങിവരവാണ് ടീമിന്‍റെ പ്രത്യേകത. രഞ്ജി ട്രോഫിയിലെ മിന്നും പ്രകടനത്തിന് പിന്നാലെയാണ് ഷായ്‌ക്ക് രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും ഇന്ത്യന്‍ ദേശീയ ടീമില്‍ അവസരം ലഭിക്കുന്നത്.
സൂര്യകുമാര്‍ യാദവ്, ഋതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി എന്നിവര്‍ ടി20 ടീമില്‍ ബാറ്റിങ്ങ് വെടിക്കെട്ട് തീര്‍ക്കും. വിക്കറ്റ് കീപ്പര്‍മാരായി ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ എന്നിവരെയാണ് ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്. ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരിലാണ് ടീമിന്‍റെ ഓള്‍റൗണ്ട് പ്രതീക്ഷ.
സ്‌പിന്നര്‍മാരായി കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ടി20 പരമ്പരയിലും പന്തെറിയും. അര്‍ഷ്‌ദീപ് സിങ്, ഉമ്രാന്‍ മാലിക്ക്, ശിവം മാവി, മുകേഷ് കുമാര്‍ എന്നീ യുവതാരങ്ങളാണ് ഫാസ്റ്റ് ബോളര്‍മാര്‍.
ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ് (ആദ്യ രണ്ട് മത്സരം): രോഹിത് ശർമ (ക്യാപ്റ്റൻ) കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റൻ), ശുഭ്‌മാൻ ഗില്‍, ചേതേശ്വർ പുജാര, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎസ് ഭരത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ആർ അശ്വിൻ, അക്‌സർ പട്ടേല്‍, കുല്‍ദീപ് യാദവ്, രവി ജഡേജ, മൊഹമ്മദ് ഷമി, ഉമേഷ് യാദവ്, ജയദേവ് ഉനദ്‌കട്, സൂര്യകുമാർ യാദവ്
ന്യൂസിലാന്‍ഡിനെതിരായ പരമ്പര, ഇന്ത്യന്‍ ഏകദിന സ്‌ക്വാഡ്:രോഹിത് ശർമ (ക്യാപ്‌റ്റന്‍), ശുഭ്‌മാൻ ഗിൽ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), വിരാട് കോലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്‌റ്റന്‍), വാഷിങ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, ശർദുൽ താക്കൂർ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉംറാൻ മാലിക്
ഇന്ത്യന്‍ ടി20 സ്‌ക്വാഡ്:ശുഭ്‌മാൻ ഗിൽ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ഋതുരാജ് ഗെയ്‌ക്‌വാദ്, സൂര്യകുമാർ യാദവ് (വൈസ് ക്യാപ്‌റ്റന്‍), ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ഹാർദിക് പാണ്ഡ്യ (ക്യാപ്‌റ്റന്‍), വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, അർഷ്‌ദീപ് സിങ്, ഉമ്രാൻ മാലിക്, ശിവം മാവി, ജിതേഷ് ശർമ (വിക്കറ്റ് കീപ്പര്‍), പൃഥ്വി ഷാ, മുകേഷ് കുമാർ