മുംബൈ: 2023 ഫെബ്രുവരിയിൽ ആരംഭിക്കുന്ന വനിത ടി20 ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ഹർമൻപ്രീത് കൗർ നയിക്കുന്ന 15 അംഗ ടീമിൽ സ്‌മൃതി മന്ദാനയാണ് വൈസ് ക്യാപ്‌റ്റൻ. തുടർച്ചയായ മൂന്നാം തവണയാണ് ഹര്‍മൻപ്രീത് കൗർ ടി20 ലോകകപ്പിൽ ഇന്ത്യയെ നയിക്കുന്നത്.
നീണ്ട ഇടവേളയ്‌ക്ക് ശേഷം ഫാസ്റ്റ് ബോളർ ശിഖ പാണ്ഡെയും ലോകകപ്പ് ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. 2021 ഒക്‌ടോബറിലാണ് താരം അവസാനമായി അന്താരാഷ്‌ട്ര ടി20 മത്സരത്തിൽ പന്തെറിഞ്ഞത്. അതേസമയം ടീമിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ അലട്ടുന്ന പൂജ വസ്‌ത്രാക്കറിന് ഫിറ്റ്‌നസ് പരീക്ഷ കടക്കേണ്ടി വരും.
2023 ഫെബ്രുവരി 10ന് ദക്ഷിണാഫ്രിക്കയിലാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഫെബ്രുവരി 12ന് കേപ്‌ടൗണിൽ ബദ്ധവൈരികളായ പാകിസ്ഥാനെതിരെയാണ് ടൂർണമെന്‍റിൽ ഇന്ത്യയുടെ ആദ്യത്തെ മത്സരം. ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, പാകിസ്ഥാൻ, അയർലൻഡ് എന്നിവർക്കൊപ്പം ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയുടെ സ്ഥാനം. ഫെബ്രുവരി 26ന് കേപ്‌ടൗണിലാണ് ഫൈനൽ.
ടി20 ലോകകപ്പിനെ കൂടാതെ 2023 ജനുവരി 19ന് ആരംഭിക്കുന്ന ത്രിരാഷ്‌ട്ര പരമ്പരയ്‌ക്കുള്ള ടീമിനെയും ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ വച്ച് നടക്കുന്ന പരമ്പരയിൽ വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക എന്നിവരാണ് ഇന്ത്യയുടെ എതിരാളികൾ.
ടി20 ലോകകപ്പിനായുള്ള ഇന്ത്യൻ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്‌മൃതി മന്ദാന (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ, യാസ്‌തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ) ജെമിമ റോഡ്രിഗസ്, ദീപ്‌തി ശർമ, ഹർലീൻ ഡിയോൾ, ദേവിക വൈദ്യ, രാധ യാദവ്, രേണുക താക്കൂർ, അഞ്ജലി സർവാണി, പൂജ വസ്ത്രകർ, രാജേശ്വരി ഗയക്‌വാദ്, ശിഖ പാണ്ഡെ
റിസർവ്സ്:സബ്ബിനേനി മേഘന, സ്നേഹ റാണ, മേഘ്ന സിങ്.
ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം:ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്‌മൃതി മന്ദാന (വൈസ് ക്യാപ്റ്റൻ), യാസ്‌തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), ജെമീമ റോഡ്രിഗസ്, ഹർലീൻ ഡിയോൾ, ദീപ്‌തി ശർമ, ദേവിക വൈദ്യ, രാജേശ്വരി ഗയക്‌വാദ്, രാധാ യാദവ്, രേണുക ഠാക്കൂർ, മേഖ്‌ന സിങ്, അഞ്ജലി സർവാണി, ശുഷ്‌മ വർമ (വിക്കറ്റ് കീപ്പർ), അമൻജോത് കൗർ, പൂജ വസ്ത്രകർ, സബ്ബിനേനി മേഘന, സ്നേഹ റാണ, ശിഖ പാണ്ഡെ.