ഹൈദരാബാദ്:ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി ഇന്ത്യന്‍ കായിക താരങ്ങള്‍. ഒളിമ്പിക് മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര, ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോലി, ശ്രേയസ് അയ്യര്‍, മുന്‍ താരങ്ങളായ വിരേന്ദര്‍ സെവാഗ്, ഇര്‍ഫാന്‍ പത്താന്‍ ഉള്‍പ്പെടയുള്ള പ്രമുഖരാണ് അനുശോചനം രേഖപ്പെടുത്തിയത്. ബാലസോറിലെ ബഹനാഗ സ്റ്റേഷന് സമീപം ഇന്നലെ രാത്രിയിലാണ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്.
ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് പാളം തെറ്റി മറിയുകയും അതിലേക്ക് ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമണ്ഡല്‍ എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചുകയറുകയുമായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തില്‍ കോറോമണ്ഡല്‍ എക്‌സ്‌പ്രസിന്‍റെ ബോഗികള്‍ ട്രെയിനില്‍ നിന്നും വേര്‍പ്പെട്ട് നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിന് മേല്‍ പതിക്കുകയായിരുന്നു. അപകടത്തില്‍ ഇതുവരെ 260-ഓളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 900-ലധികം പേര്‍ പരിക്കുകളോടെ ചികിത്സയിലാണെന്നാണ് പുറത്തുവരുന്ന വിവരം.
'ഹൃദയഭേദകമായ വാര്‍ത്തയാണ് ഒഡിഷയില്‍ നിന്നും കേള്‍ക്കുന്നത്. ഈ സമയത്ത് ദുരിത ബാധിതര്‍ക്കൊപ്പം നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ' ഒളിമ്പ്യന്‍ അഭിനവ് ബിന്ദ്ര ട്വിറ്ററില്‍ കുറിച്ചു.
'ഒഡിഷയിലുണ്ടായ ദാരുണമായ ട്രെയിൻ അപകടത്തെ കുറിച്ച് കേട്ടപ്പോൾ ദുഃഖമുണ്ട്. എന്‍റെ ചിന്തകളും പ്രാർഥനകളും അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കൊപ്പമാണ്. പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കാന്‍ സാധിക്കട്ടെ' ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി ട്വീറ്റ് ചെയ്‌തു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പങ്കെടുക്കാനായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ടീമിനൊപ്പമാണ് താരം ഇപ്പോള്‍.