ഹൈദരാബാദ് :ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ ആദ്യം ബോള്‍ ചെയ്യുകയാണ് നെതര്‍ലന്‍ഡ്‌സ്. ഡച്ച് ടീമിലെ മൂന്ന് താരങ്ങള്‍ക്കിത് തങ്ങളുടെ ഹോം ഗ്രൗണ്ടാണ്. ഇന്ത്യന്‍ വംശജരായ തേജ നിടമാനൂര്‍ (Teja Nidamanur), വിക്രംജീത് സിങ് (vikramjit singh), ആര്യന്‍ ദത്ത് (Aryan dutt) എന്നിവരാണ് നെതര്‍ലന്‍ഡ്‌സിന്‍റെ പ്ലെയിങ് ഇലവനില്‍ പാകിസ്ഥാനെതിരെ ഇറങ്ങിയിരിക്കുന്നത് (Indian Origin Players in Netherlands team Cricket World Cup 2023).
ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ ജനിച്ച താരമാണ് തേജ നിടമാനൂര്‍. ഇവിടെ നിന്നും അമ്മയ്‌ക്കൊപ്പം ന്യൂസിലന്‍ഡിലേക്ക് ചേക്കേറിയ തേജ പിന്നീടാണ് നെതര്‍ലന്‍ഡ്‌സിലേക്കും അവരുടെ ദേശീയ ക്രിക്കറ്റ് ടീമിലേക്കും എത്തുന്നത്. ഡച്ച് ടീമിന് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കാണ് ബാറ്ററായ തേജയ്‌ക്കുള്ളത്.
നെതര്‍ലന്‍ഡ്‌സ് ഓപ്പണറായ വിക്രംജീത് സിങ് പഞ്ചാബിലെ ചീമ ഖുര്‍ദിലാണ് ജനിച്ചത്. താരത്തിന് ഏഴ് വയസുള്ളപ്പോഴാണ് കുടുംബം നെതര്‍ലന്‍ഡ്‌സിലേക്ക് ചേക്കേറുന്നത്. ഓഫ് സ്‌പിന്നറായ ആര്യന്‍ ദത്തിന്‍റെ അച്ഛന്‍ ഡല്‍ഹി സ്വദേശിയാണ്. ഇന്ത്യയുടെ ഇതിഹാസ നായകനായ എംഎസ് ധോണിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ആര്യന്‍ ഫുട്‌ബോളില്‍ നിന്നും ക്രിക്കറ്റിലേക്ക് എത്തിയത്.
ALSO READ: Shubman Gill Health Updates : ഓസ്‌ട്രേലിയയ്‌ക്ക് എതിരെ ഗില്‍ ഇറങ്ങുമോ? ; നിര്‍ണായക പ്രതികരണവുമായി ബിസിസിഐ
ഇവരെക്കൂടാതെ ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയ എന്നീ ടീമുകളിലും ഇന്ത്യന്‍ വംശജരായ താരങ്ങള്‍ കളിക്കുന്നുണ്ട്. അതേസമയം പാകിസ്ഥാനെതിരെ ടോസ് നേടിയ നെതര്‍ലന്‍ഡ്‌സ് നായകന്‍ സ്‌കോട്ട് എഡ്വേർഡ്‌സ് ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. രാജീവ് ഗാന്ധി ഇന്‍റര്‍നാഷണൽ സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്.