ധര്‍മ്മശാല:ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ന്യൂസിലന്‍ഡിനെതിരെ തകര്‍പ്പന്‍ ജയം നേടി ജൈത്രയാത്ര തുടരുകയാണ് ടീം ഇന്ത്യ. ധര്‍മ്മശാലയില്‍ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം (India vs New Zealand Match Result). ഈ ജയത്തോടെ ലോകകപ്പ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താനും ഇന്ത്യന്‍ ടീമിനായി (Cricket World Cup 2023 Points Table).
ലോകകപ്പിലെ ഓരോ മത്സരത്തിന് ശേഷവും ഏറ്റവും മികച്ച ഫീല്‍ഡറിന് സ്വര്‍ണമെഡല്‍ നല്‍കി ആദരിക്കുന്നത് ഇപ്പോള്‍ ഇന്ത്യന്‍ ഡ്രസിങ് റൂമിലെ സ്ഥിരം കാഴ്‌ചയാണ്. ന്യൂസിലന്‍ഡിനെതിരായ മത്സരത്തിന് ശേഷവും ഈ പതിവ് തുടര്‍ന്നു. ധര്‍മ്മശാലയില്‍ കിവീസ് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയെ പുറത്താക്കാന്‍ സ്‌ക്വയര്‍ ലെഗില്‍ തകര്‍പ്പന്‍ ക്യാച്ചെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യന്‍ ടീമിലെ മികച്ച ഫീല്‍ഡര്‍ക്കുള്ള മെഡല്‍ സ്വന്തമാക്കിയത്.
മുന്‍ മത്സരങ്ങളില്‍ നിന്നും വ്യത്യസ്‌തമായിട്ടായിരുന്നു ധര്‍മ്മശാലയില്‍ ഇന്നലെ ശ്രേയസ് അയ്യര്‍ക്ക് മികച്ച ഫീല്‍ഡറിനുള്ള മെഡല്‍ സമ്മാനിച്ചത്. മുന്‍ മത്സരങ്ങളില്‍ മികച്ച ഫീല്‍ഡറുടെ ചിത്രം സ്ക്രീനില്‍ തെളിഞ്ഞുവരികയായിരുന്നു ചെയ്‌തിരുന്നത്. എന്നാല്‍, ന്യൂസിലന്‍ഡിനെതിരായ മത്സരശേഷം സ്പൈഡര്‍ കാമറയുടെ സഹായത്തോടെയാണ് ഇന്ത്യന്‍ ഫീല്‍ഡിങ് പരിശീലകന്‍ ടി ദിലീപ് മെഡല്‍ ജേതാവിനെ പ്രഖ്യാപിച്ചത്.