ഉജ്ജയിന്‍:കാറപടത്തില്‍പെട്ട് ചികിത്സയില്‍ കഴിയുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്‍റെ തിരിച്ചുവരവിനായി പ്രാര്‍ഥിച്ച് ഇന്ത്യന്‍ താരങ്ങള്‍. സൂര്യകുമാര്‍ യാദവ്, വാഷിങ്‌ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ് എന്നിവരാണ് ഉജ്ജയിനിലെ പ്രശസ്തമായ മഹാകാലേശ്വര്‍ ക്ഷേത്രത്തിലെത്തി ഇന്ന് രാവിലെ പാര്‍ഥിച്ചത്. ടീമിന്‍റെ സപ്പോര്‍ട്ടിങ് സ്റ്റാഫിലെ ചിലരും ഇവരോടൊപ്പമുണ്ടായിരുന്നു.
പന്ത് എത്രയും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നാണ് തങ്ങളുടെ പ്രാര്‍ഥനയെന്ന് സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു. പന്തിന്‍റെ തിരിച്ചുവരവ് തങ്ങള്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണെന്നും സൂര്യകുമാര്‍ വ്യക്തമാക്കി. പരമ്പരാഗതവേഷമായ ധോതിയും അംഗവസ്ത്രവും ധരിച്ച് പുലർച്ചെ ക്ഷേത്രത്തിലെത്തിയ താരങ്ങൾ ഭസ്‌മ ആരതിയിലും പങ്കെടുത്തു.
മധ്യപ്രദേശിലെ ഇൻഡോർ ഹോൽകർ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ന്യൂസിലൻഡ് മൂന്നാം ഏകദിനം നടക്കുന്നത്. ഇതിനായി സംസ്ഥാനത്ത് എത്തിയപ്പോഴാണ് കളിക്കാര്‍ ഉജ്ജയിനിലെത്തി ക്ഷേത്ര സന്ദര്‍ശനം നടത്തിയത്. നാളെ ഉച്ചയ്‌ക്ക് 1.30നാണ് മത്സരം ആരംഭിക്കുന്നത്.