ട്രിനിഡാഡ് :വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ടീം ഇന്ത്യ 200 റൺസിന് കൂറ്റന്‍ വിജയം സ്വന്തമാക്കിയിരുന്നു. ട്രിനിഡാഡിലെ ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തില്‍ ക്യാപ്റ്റൻ രോഹിത് ശർമയെയും വിരാട് കോലിയെയും ബെഞ്ചിലിരുത്തിയാണ് സന്ദര്‍ശകര്‍ കളിക്കാന്‍ ഇറങ്ങിയത്. രണ്ടാം ഏകദിനത്തില്‍ പാളിയ പരീക്ഷണം വീണ്ടും ആവര്‍ത്തിച്ച മാനേജ്‌മെന്‍റിന്‍റെ തീരുമാനത്തില്‍ ആരാധകര്‍ക്ക് ആശങ്കയുണ്ടായിരുന്നുവെങ്കിലും പകരക്കാരന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും (Hardik pandya ) കൂട്ടരും പ്രതീക്ഷ കാത്തു.
ഇഷാൻ കിഷനും (64 പന്തുകളില്‍ 77) ശുഭ്‌മാൻ ഗില്ലും (92 പന്തുകളില്‍ 85) ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്‌ക്ക് നല്‍കിയത്. തുടര്‍ന്നെത്തിയ സഞ്‌ജു സാംസണും (41പന്തുകളില്‍ 51), ഹാര്‍ദിക് പാണ്ഡ്യയും (52 പന്തുകളില്‍ 70*) അര്‍ധ സെഞ്ച്വറി നേടിയതോടെ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 351 എന്ന കൂറ്റന്‍ സ്‌കോറാണ് സന്ദര്‍ശകര്‍ സ്വന്തമാക്കിയത്.
ഒരു കളിക്കാരനും സെഞ്ചുറി തികയ്ക്കാതെ ടീം ഇന്ത്യ ഏകദിനത്തില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീലങ്കയ്‌ക്ക് എതിരെ സ്ഥാപിച്ച റെക്കോഡാണ് ഈ പ്രകടനം പഴങ്കഥയാക്കിയത്. 2005-ൽ നാഗ്‌പൂരില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 350 റണ്‍സായിരുന്നു അന്ന് ഇന്ത്യ നേടിയത്.
2004-ല്‍ പാകിസ്ഥാനെതിരെ കറാച്ചിയില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ നേടിയ 349 റണ്‍സ്, 2004-ല്‍ ബംഗ്ലാദേശിനെതിരെ ധാക്കയില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ കണ്ടെത്തിയ 348 റണ്‍സ് എന്നിവയാണ് പിന്നിലുള്ള പ്രകടനങ്ങള്‍.