കറാച്ചി: വേഗം കൊണ്ട് അതിശയിപ്പിക്കുമ്പോളും ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ സ്ഥിരക്കാരനാവാന്‍ യുവ പേസര്‍ ഉമ്രാന്‍ മാലിക്കിന് കഴിഞ്ഞിട്ടില്ല. ന്യൂസിലൻഡിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും പകരക്കാരുടെ ബെഞ്ചിലായിരുന്നു 23കാരനായ ഉമ്രാന്‍ മാലിക്കിന്‍റെ സ്ഥാനം. മുഹമ്മദ് സിറാജിനും മുഹമ്മദ് ഷമിക്കുമൊപ്പം മൂന്നാം പേസറായി ശാര്‍ദുൽ താക്കൂറാണ് ടീമിലെത്തിയത്.
എന്നാല്‍ ഉമ്രാന്‍ മാലിക്കിന് ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ സ്ഥിരമായി അവസരം നല്‍കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് പാകിസ്ഥാന്‍റെ വെറ്ററൻ വിക്കറ്റ് കീപ്പർ കമ്രാൻ അക്‌മൽ. ബാറ്റിങ്ങിന് അനുകൂലമായ പിച്ചുകളിൽ ഉമ്രാന്‍ മുതല്‍ക്കൂട്ടാവുമെന്നാണ് പാക് താരം പറയുന്നത്.
"ബാറ്റിങ്ങിന് അനുകൂലമായ സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് മുൻനിര ടീമുകൾക്കെതിരെ ഇന്ത്യയുടെ നിലവിലെ ബോളിങ് യൂണിറ്റ് പ്രയാസപ്പെട്ടേക്കാം. ഇവിടെയാണ് ഉമ്രാന്‍ മുതല്‍ക്കൂട്ടാവുക. പ്ലേയിങ് ഇലവനിൽ താരത്തെ ഉൾപ്പെടുത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്.
ഓരോ മത്സരങ്ങള്‍ കഴിയുമ്പോഴും അവന്‍ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുകയാണ്. അധികം വൈകാതെ തന്നെ താനൊരു മാച്ച് വിന്നറാണെന്ന് ഉമ്രാന് തളിയിക്കാനാവും." കമ്രാൻ അക്‌മൽ തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. ജസ്പ്രീത് ബുംറ തിരിച്ചെത്തുമ്പോൾ ഇന്ത്യയുടെ ബോളിങ് നിര കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും പാക് താരം അഭിപ്രായപ്പെട്ടു.