ന്യൂഡല്‍ഹി :ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ (Indian Cricket Team) പരിശീലകനായി രാഹുല്‍ ദ്രാവിഡിനെ (Rahul Dravid) നിലനിര്‍ത്താന്‍ ബിസിസിഐ. കഴിഞ്ഞ ഏകദിന ലോകകപ്പോടെ അവസാനിച്ച കരാര്‍ ദീര്‍ഘിപ്പിക്കുന്നതിനായി ബിസിസിഐ രാഹുല്‍ ദ്രാവിഡിനെ സമീപിച്ചതായി റിപ്പോര്‍ട്ട് (BCCI has offered a contract extension to Rahul Dravid).
എന്നാല്‍ ബിസിസിയുടെ ഓഫര്‍ 50-കാരന്‍ സ്വീകരിച്ചുവോ ഇല്ലയോ എന്ന വിവരം പുറത്ത് വന്നിട്ടില്ല. ഘടനയുടെ തുടർച്ചയ്‌ക്കായും കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി അദ്ദേഹം ടീമില്‍ തീര്‍ത്ത മികച്ച അന്തരീക്ഷം നിലനിര്‍ത്തുന്നതിനുമാണ് പരിശീലകനായി ദ്രാവിഡ് തുടരട്ടെയെന്ന് ബിസിസിഐ തീരുമാനിച്ചത്. കരാര്‍ ദീര്‍ഘിപ്പിക്കാന്‍ ദ്രാവിഡ് തയ്യാറാവുകയാണെങ്കില്‍ ഡിസംബർ രണ്ടാം വാരത്തില്‍ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനമായിരിക്കും രണ്ടാം വരവില്‍ ദ്രാവിഡിന്‍റെ ആദ്യ അസൈൻമെന്‍റ്.
മൂന്ന് വീതം ഏകദിനങ്ങളും ടി20കളും രണ്ട് ടെസ്റ്റുകളുമാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യയെ കാത്തിരിക്കുന്നത്. ഇതിനുശേഷം നാട്ടില്‍ ജനുവരി അവസാനം മുതല്‍ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പര. പിന്നീട് ജൂണില്‍ ടി20 ലോകകപ്പില്‍ കിരീടം തേടിയും ഇന്ത്യ ഇറങ്ങും. വെസ്റ്റ് ഇന്‍ഡീസിലും യുഎസ്‌എയിലുമായാണ് ടി2 ലോകകപ്പ് അരങ്ങേറുക.
2021-ലെ ടി20 ലോകകപ്പോടെ രവി ശാസ്‌ത്രിയുടെ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്‍റെ പരിശീലകന്‍റെ കുപ്പായം അണിയുന്നത്. ഏകദിന ലോകകപ്പ് ഫൈനലിലേക്കും ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കും ഇന്ത്യയെ നയിക്കാന്‍ ദ്രാവിഡിന് കഴിഞ്ഞിരുന്നു. ദ്രാവിഡ് തുടരാൻ തീരുമാനിക്കുകയാണെങ്കിൽ, വിക്രം റാത്തോഡ് (ബാറ്റിങ് കോച്ച്), പരസ് മാംബ്രെ (ബൗളിങ് കോച്ച്), ടി ദിലീപ് (ഫീൽഡിങ് കോച്ച്) എന്നിവരും തല്‍സ്ഥാനത്ത് തുടരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.