മുംബൈ: ടീമിന്‍റെ നായക സ്ഥാനത്തു നിന്നുമുള്ള വിരാട് കോലിയുടെ (Virat Kohli) പടിയിറക്കം ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ വിവാദ വിഷയങ്ങളിലൊന്നാണ്. ടി20 ടീമിന്‍റെ നായക സ്ഥാനത്ത് നിന്നും രാജിവച്ച താരത്തെ ഏകദിന ടീമിന്‍റെ ചുമതലയില്‍ നിന്നും പുറത്താക്കുകയായിരുന്നു. ഇതിന് പിന്നാലെ ടെസ്റ്റ് ടീമിന്‍റെ നായക സ്ഥാനത്ത് നിന്നും കോലി പിന്‍മാറി. തുടര്‍ന്നായിരുന്നു തല്‍സ്ഥാനത്തേക്ക് രോഹിത് ശര്‍മ എത്തുന്നത്.
എന്നാല്‍ ടീമിന്‍റെ നായക സ്ഥാനം ഏറ്റെടുക്കാന്‍ രോഹിത് ആദ്യം തയ്യാറായില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലി (Sourav Ganguly on India's captaincy change from Virat Kohli to Rohit Sharma). ഒരു അഭിമുഖത്തിനിടെയാണ് അന്ന് ബിസിസിഐയുടെ അധ്യക്ഷ ചുമതല വഹിച്ചിരുന്ന ഗാംഗുലിയുടെ വാക്കുകള്‍.
"രോഹിത് ശർമ്മയ്ക്ക് ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റൻസിയിൽ താൽപ്പര്യമില്ലായിരുന്നു. സ്വയം ക്യാപ്റ്റനാകാന്‍ തയ്യാറായില്ലെങ്കില്‍, ക്യാപ്റ്റനായി തെരഞ്ഞെടുത്ത കാര്യം പരസ്യമായി പ്രഖ്യാപിക്കുമെന്ന് എനിക്ക് പറയേണ്ടി വന്നു. അതിന് ശേഷമാണ് അവന്‍ ക്യാപ്റ്റനാവാമെന്ന് സമ്മതിച്ചത്. രോഹിത് അസാമാന്യ മികവുള്ള ക്യാപ്റ്റനായതിനാലാണ് അത്തരമൊരു സാഹചര്യമുണ്ടായത്. വിരാട് കോലിയ്‌ക്ക് ശേഷം ഇന്ത്യയെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായത് രോഹിത്തായിരുന്നു"- സൗരവ് ഗാംഗുലി (Sourav Ganguly) പറഞ്ഞു.
എന്തുകൊണ്ടാണ് രോഹിത് ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാൻ താൽപ്പര്യം കാണിക്കാത്തതിരുന്നതെന്ന് ചോദ്യത്തോടും ഗാംഗുലി പ്രതികരിച്ചു. കൃത്യമായ കാരണത്തെക്കുറിച്ച് തനിക്ക് അറിയില്ലെങ്കിലും ജോലിഭാരത്തെ തുടര്‍ന്നാകാമെന്നാണ് ഇതിഹാസ താരം മറുപടി നല്‍കിയത്.