ന്യൂഡൽഹി : മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌നയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് ക്രിക്കറ്റ് ലോകം. 36-ാം പിറന്നാൾ ആഘോഷിക്കുന്ന താരത്തിന് സച്ചിൻ ടെൻഡുൽക്കർ, യുവരാജ് സിങ്, ഇർഫാൻ പത്താൻ തുടങ്ങി നിരവധി താരങ്ങളും താരത്തിന്‍റെ മുൻ ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്സും സോഷ്യൽ മീഡിയയിലൂടെ പിറന്നാൾ ആശംസകൾ അറിയിച്ചു.
ഹൃദയം നിറഞ്ഞ ജന്മദിന ആശംസകൾ സുരേഷ്. ശുഭകരമായ ഒരു വർഷം മുന്നോട്ടുണ്ടാകട്ടെ' എന്നായിരുന്നു സച്ചിന്‍റെ പിറന്നാൾ ആശംസ. 'ഒരു യഥാർഥ സൂപ്പർ കിങ് ആരാണെന്ന് അവർ തന്‍റെ സ്വഭാവത്താൽ അടയാളപ്പെടുത്തിയിരിക്കുന്നു! ചിന്ന തലാ, നിനക്ക് സൂപ്പർ ജന്മദിനം ആശംസിക്കുന്നു. #വിസിൽപോഡ്.' എന്നതായിരുന്നു ചെന്നൈ സൂപ്പർ കിങ്സിന്‍റെ ട്വീറ്റ്'.
2008ൽ ഐപിഎൽ തുടങ്ങിയപ്പോൾ തന്നെ ചെന്നൈയുടെ വിശ്വസ്‌തനായ താരമായിരുന്നു സുരേഷ് റെയ്‌ന. ചെന്നൈക്കായി ഏറ്റവുമധികം റണ്‍സ്(4687) നേടിയ താരവും മിസ്റ്റർ ഐപിഎൽ എന്നറിയപ്പെടുന്ന സുരേഷ് റെയ്‌ന തന്നെയായിരുന്നു. കൂടാതെ ചെന്നൈക്കായി ഏറ്റവുമധികം അർധ സെഞ്ച്വറി(34) നേടിയ താരം, ഏറ്റവുമധികം ഫോറുകളും, സിക്‌സുകളും നേടിയ താരം എന്നീ നേട്ടങ്ങളും റെയ്‌നയുടെ പേരിലാണ്.
മുൻ ഇന്ത്യൻ താരം യുവരാജ് സിങും ഇൻസ്റ്റഗ്രാമിലൂടെ റെയ്‌നയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചു. പിറന്നാൾ ആശംസകൾ സുരേഷ്, ഒരു സൂപ്പർ വർഷം മുന്നോട്ടുണ്ടാവട്ടെ സുഹൃത്തേ. റെയ്‌നയ്‌ക്കൊപ്പമുള്ള ചിത്രത്തോടൊപ്പം യുവരാജ് കുറിച്ചു.
കുസൃതി നിറഞ്ഞ, സ്‌നേഹമുള്ള എന്‍റെ പ്രിയ സുഹൃത്ത് സുരേഷ് റെയ്‌നയ്ക്ക് പിറന്നാൾ ആശംസകൾ. വരൂ സഹോദരാ നിനക്ക് ദോശ ഉണ്ടാക്കി തരാം. റെയ്‌നയോടൊപ്പം ദോശ ചുടുന്ന വീഡിയോ പങ്കുവച്ചുകൊണ്ടാണ് ഇർഫാൻ പത്താൻ പിറന്നാൾ ആശംസകൾ അറിയിച്ചത്.
ഇന്ത്യയുടെ വിശ്വസ്‌തൻ : ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലും സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ താരമാണ് സുരേഷ് റെയ്‌ന. മഹേന്ദ്ര സിങ് ധോണിയോടൊപ്പം 2020 ഓഗസ്റ്റ് 15നാണ് റെയ്‌നയും അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. തുടർന്നും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായി കളിച്ചെങ്കിലും പഴയ പ്രകടനത്തിന്‍റെ നിഴലിലെത്താൻ പോലും താരത്തിനായിരുന്നില്ല.
ഇടയ്‌ക്ക് ടീം മാനേജ്മെന്‍റുമായുള്ള അസ്വാരസ്യങ്ങളും താരത്തിന് തിരിച്ചടിയായി. തുടർന്ന് 2022ൽ നടന്ന മെഗാ ലേലത്തിൽ 2 കോടി രൂപ അടിസ്ഥാന വിലയിട്ട താരത്തെ സ്വന്തമാക്കാൻ ചെന്നൈ ഉൾപ്പടെയുള്ള 10 ഫ്രാഞ്ചൈസികളും താൽപര്യം കാണിച്ചിരുന്നില്ല. ഐപിഎല്ലിലെ തന്നെ ഏറ്റവും മികച്ച താരത്തിന്‍റെ ദുരന്തപൂർണമായ പതനത്തിനാണ് ആരാധകർ ആ സീസണിൽ സാക്ഷ്യം വഹിച്ചത്.
ഇന്ത്യയ്ക്കുവേണ്ടി 13 വർഷം നീണ്ട കരിയറിൽ 18 ടെസ്റ്റുകളും 226 ഏകദിനങ്ങളും 78 ടി20 മത്സരങ്ങളും റെയ്‌ന കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 5,615 റണ്‍സും ടെസ്റ്റില്‍ 768 റണ്‍സും ടി20യിൽ 1,605 റണ്‍സും താരം നേടി. ഐപിഎല്ലില്‍ 205 കളികളില്‍ നിന്നും 5,528 റണ്‍സാണ് സമ്പാദ്യം.
നിർണായക ഘട്ടത്തിൽ ബോളിങ്ങിലും എതിരാളികളെ വീഴ്‌ത്താറുള്ള റെയ്‌ന ടെസ്റ്റിൽ 13 വിക്കറ്റുകളും, ഏകദിനത്തിൽ 36 വിക്കറ്റുകളും, ടി20യിൽ 13 വിക്കറ്റുകളും ഐപിഎല്ലിൽ 25 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.