അഡ്‌ലെയ്‌ഡ്: ടി20 ലോകകപ്പില്‍ ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുലിന് പിന്തുണയുമായി പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. മികച്ച ട്രാക്ക് റെക്കോഡുള്ള താരമാണ് രാഹുല്‍. വരും മത്സരങ്ങളില്‍ അദ്ദേഹം ഫോം കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുന്‍പുള്ള വാര്‍ത്താസമ്മേളനത്തില്‍ ദ്രാവിഡ് പറഞ്ഞു.
ഇന്ത്യന്‍ ഉപനായകന്‍റെ നിലവിലെ ഫോമില്ലായ്‌മ ടീമിനെ അലോസരപ്പെടുത്തുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു പരിശീലകന്‍റെ മറുപടി. അവന്‍ മികച്ച ഒരു കളിക്കാരനാണ്. അദ്ദേഹത്തിന് മികച്ച ട്രാക്ക് റെക്കോഡാണുള്ളത്.
നെറ്റ്സില്‍ അദ്ദേഹം മികച്ച രീതിയില്‍ തന്നെ ബാറ്റ് ചെയ്യുന്നുണ്ട്. ടി20 ക്രിക്കറ്റില്‍ ഇതൊക്കെ സംഭവിക്കുന്നത് സാധാരണമാണ്. ഈ ലോകകപ്പില്‍ ഓപ്പണര്‍മാര്‍ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ലെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു.
ഓസ്‌ട്രേലിയക്കെതിരായ സന്നാഹ മത്സരത്തില്‍ രാഹുല്‍ മികച്ച രീതിയിലാണ് ബാറ്റ് ചെയ്‌തത്. മിച്ചല്‍ സ്റ്റാര്‍ക്, പാറ്റ് കമ്മിന്‍സ് ഉള്‍പ്പടെയുള്ള ബോളര്‍മാര്‍ക്കെതിരെ അദ്ദേഹം തന്‍റെ മികവ് പുറത്തെടുത്തിരുന്നു. വരുന്ന മത്സരങ്ങളില്‍ രാഹുല്‍ ടീമിനായി ക്ലിക്കാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
ഇത്തരം സാഹചര്യങ്ങളില്‍ ടീമിനാവശ്യമായ ഒരു താരം കൂടിയാണ് രാഹുല്‍. ഇവിടത്തെ പിച്ചുകളില്‍ എങ്ങനെ കളിക്കണമെന്ന് അവനറിയാം. ഫോമിലേക്ക് മടങ്ങിയെത്താന്‍ രാഹുലിന് ആവശ്യമായ സമയം നല്‍കുമെന്ന് പറഞ്ഞ പരിശീലകന്‍, അദ്ദേഹത്തിന്‍റെ പ്രകടനത്തില്‍ ടീമിന് ആശങ്കകളൊന്നുമില്ലെന്നും വ്യക്തമാക്കി.
ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളിലും കളിച്ച രാഹുല്‍ 22 റണ്‍സാണ് ഇതുവരെ നേടിയത്. രാഹുലിന്‍റെ പ്രകടനത്തെ വിമര്‍ശിച്ച് മുന്‍താരങ്ങള്‍ ഉള്‍പ്പടെ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന് പിന്തുണ പ്രഖ്യാപിച്ചുള്ള ഇന്ത്യന്‍ പരിശീലകന്‍റെ പ്രതികരണം.