കേരളം

kerala

ETV Bharat / sports

IND-W vs AUS-W | വിമന്‍സ് വിജയം ; ഓസ്‌ട്രേലിയയെ സൂപ്പര്‍ ഓവറില്‍ തകര്‍ത്ത് ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം - സ്‌മൃതി മന്ദാന

സൂപ്പര്‍ ഓവറില്‍ ഇന്ത്യന്‍ വനിതകള്‍ ഉയര്‍ത്തിയ 21 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയന്‍ വനിതകള്‍ക്ക് 16 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. റണ്‍ചേസിലും, സൂപ്പര്‍ ഓവറിലും തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത വൈസ് ക്യാപ്‌റ്റന്‍ സ്‌മൃതി മന്ദാനയുടെ പ്രകടനം ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി

India womens  India womens win in super over  India womens vs australia womens  INDW vs AUSW  INDW vs AUSW T20i SERIES  ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം  ഓസ്‌ട്രേലിയ  ഓസ്‌ട്രേലിയന്‍ വനിത ക്രിക്കറ്റ് ടീം  സ്‌മൃതി മന്ദാന  റിച്ചാ ഘോഷ്
IND-W vs AUS-W

By

Published : Dec 12, 2022, 7:44 AM IST

മുംബൈ :ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരം സൂപ്പര്‍ ഓവറില്‍ സ്വന്തമാക്കി ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം. സൂപ്പര്‍ ഓവറില്‍ നാല് റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഓസീസ് ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ 49 പന്തില്‍ 79 റണ്‍സും സൂപ്പര്‍ ഓവറില്‍ 3 പന്തില്‍ 13 റണ്‍സും നേടിയ സ്‌മൃതി മന്ദാനയാണ് കളിയിലെ താരം.

ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ കങ്കാരുപ്പടയ്‌ക്കൊപ്പമെത്തി. 2022ല്‍ ഓസീസ് വനിത ടീമിന്‍റെ ആദ്യ ടി20 തോല്‍വിയാണിത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്കായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്‌ത സ്‌മൃതി മന്ദാന, ഷെഫാലി വെര്‍മ സഖ്യം മികച്ച തുടക്കമാണ് നല്‍കിയത്.

ഓസീസ് ബോളര്‍മാരെ ഇരുവരും തുടക്കം മുതല്‍ തന്നെ അടിച്ചുപറത്തി. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 55 റണ്‍സാണ് മന്ദാന-ഷെഫാലി സഖ്യം അടിച്ചുകൂട്ടിയത്. 9ാം ഓവറില്‍ സ്‌കോര്‍ 76ല്‍ നില്‍ക്കെയാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്‌ടമായത്.

23 പന്തില്‍ 34 റണ്‍സ് നേടി നിന്ന ഷെഫാലി വെര്‍മയെ അലാന കിങ് മടക്കി. നാല് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഷെഫാലിയുടെ ഇന്നിങ്സ്.പിന്നാലെയെത്തിയ ജെര്‍മിയ റോഡ്രിഗസും വേഗത്തില്‍ പവലിയനിലേക്കെത്തി.

ഇതോടെ ഓസീസ് കളിപിടിക്കുമെന്ന് തോന്നിച്ചെങ്കിലും മറുവശത്ത് നിലയുറപ്പിച്ച സ്‌മൃതി മന്ദാന ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീതിനെ കൂട്ടുപിടിച്ച് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തി. മൂന്നാം വിക്കറ്റില്‍ 61 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്.തൊട്ടടുത്ത ഓവറുകളില്‍ കൗറും മന്ദാനയും മടങ്ങിയതോടെ ഇന്ത്യ 148ന് നാല് എന്ന നിലയിലേക്ക് വീണു.

ഇരുവരും പുറത്തായതിന് പിന്നാലെ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത് സ്‌കോര്‍ ഉയര്‍ത്തിയത് റിച്ച ഘോഷ് ആണ്. ബൗണ്ടറികളും സിക്‌സുകളും പറത്തി താരം ഇന്ത്യക്ക് വിജയപ്രതീക്ഷ സമ്മാനിച്ചു. അതിനിടെ 2 റണ്‍സുമായി ദീപ്‌തി ശര്‍മ മടങ്ങിയിരുന്നു.

19ാം ഓവറില്‍ സ്‌കോര്‍ 170ല്‍ നില്‍ക്കെയാണ് ദീപ്‌തി പുറത്തായത്. ഇതോടെ അവസാന ഓവറില്‍ ജയം പിടിക്കാന്‍ ഇന്ത്യക്ക് 14 റണ്‍സാണ് വേണ്ടിയിരുന്നത്. ഓസ്‌ട്രേലിയക്ക് വേണ്ടി അവസാന ഓവര്‍ എറിയാനെത്തിയ മേഘന്‍ ഷൂട്ടിനെ സിംഗിള്‍ എടുത്താണ് റിച്ച ഘോഷ് വരവേറ്റത്.

രണ്ടാം പന്തില്‍ ദേവിക വൈദ്യയുടെ ഫോര്‍. അടുത്ത പന്ത് സിംഗിളിട്ട് ദേവിക സ്‌ട്രൈക്ക് റിച്ചയ്‌ക്ക് കൈമാറി.നാലാം പന്തില്‍ റിച്ചയും ദേവികയും ചേര്‍ന്ന് രണ്ട് റണ്‍സ് ഓടിയെടുത്തു. അടുത്ത പന്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ക്ക് ഒരു റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. അവസാന പന്തില്‍ ഷൂട്ടിനെ ബൗണ്ടറി കടത്തി ദേവികയാണ് ഇന്ത്യക്ക് സമനില സമ്മാനിച്ചത്.

സൂപ്പര്‍ സ്‌മൃതി :സൂപ്പര്‍ ഓവറില്‍ റിച്ച ഘോഷും സ്‌മൃതി മന്ദാനയുമാണ് ഇന്ത്യക്കായി ബാറ്റിങ്ങിനെത്തിയത്. ഓസ്‌ട്രേലിയയുടെ ഹീതര്‍ ഗ്രഹാമിനെ സിക്‌സ് പറത്തി റിച്ച ഘോഷ് വെടിക്കെട്ടിന് തിരികൊളുത്തി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ തന്നെ റിച്ചയെ മടക്കി ഓസീസ് താരത്തിന്‍റെ മറുപടി. മൂന്നാം ബോള്‍ സിംഗിള്‍ എടുത്ത് ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ മന്ദാനയ്‌ക്ക് സ്‌ട്രൈക്ക് നല്‍കി.

നേരിട്ട ആദ്യ പന്ത് ബൗണ്ടറി പായിച്ച മന്ദാന തൊട്ടടുത്ത പന്തില്‍ ഹീതര്‍ ഗ്രഹാമിനെ അതിര്‍ത്തി കടത്തി. അവസാന പന്തില്‍ ഇരുവരും ചേര്‍ന്ന് മൂന്ന് റണ്‍സ് ഓടിയെടുത്തതോടെ സൂപ്പര്‍ ഓവറില്‍ ഇന്ത്യയുടെ ഇന്നിങ്‌സ് 20-1ന് അവസാനിച്ചു.

രേണുക സിങ്ങിനെ ബൗണ്ടറി പായിച്ചാണ് മറുപടി ബാറ്റിങ് ഓസ്‌ട്രേലിയ ആരംഭിച്ചത്. രണ്ടാം പന്ത് സിംഗിള്‍ എടുത്ത ക്യാപ്‌റ്റന്‍ ഹീലി ആഷ്‌ലി ഗാര്‍ഡനെറിന് സ്‌ട്രൈക്ക് നല്‍കി. മൂന്നാം പന്ത് നേരിടാനെത്തിയ ആഷ്‌ലിക്ക് കാര്യങ്ങള്‍ പിഴച്ചു.

ലോങ്‌ ഓഫിലൂടെ ആഷ്‌ലി ഉയര്‍ത്തിയടിച്ച പന്ത് രാധ യാദവിന്‍റെ കൈകളിലേക്ക്. അടുത്ത പന്ത് സിംഗിളിട്ട് തഹില മക്‌ഗ്രാത്ത് ഹീലിയെ ബാറ്റിങ് എന്‍ഡിലെത്തിച്ചു. അവസാന രണ്ട് പന്തുകളില്‍ ഒരു ഫോറും സിക്‌സും ഹീലി നേടിയെങ്കിലും ജയം പിടിക്കാന്‍ അത് പോരുമായിരുന്നില്ല.

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്‌ടത്തിലാണ് 187 റണ്‍സ് നേടിയത്. ബെത്ത് മൂണി (82), തഹില മക്‌ഗ്രാത്ത് (70) എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് സന്ദര്‍ശകര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ക്യാപ്‌റ്റന്‍ അലീസ ഹീലി ഓസീസിനായി 25 റണ്‍സ് നേടി. ദീപ്‌തി ശര്‍മ ആയിരുന്നു ഹീലിയെ മടക്കിയത്.

ABOUT THE AUTHOR

...view details