ഹോവ്: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിന് വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം 44.2 ഓവറില്‍ ഏഴ് വിക്കറ്റ് ശേഷിക്കെയാണ് ഇന്ത്യ മറികടന്നത്. സ്‌മൃതി മന്ദാന, ഹര്‍മന്‍പ്രീത് കൗര്‍, യാസ്‌തിക ഭാട്ടിയ എന്നിവര്‍ ഇന്ത്യന്‍ വനിത ടീമിനായി അര്‍ധസെഞ്ച്വറി നേടി.
ഇംഗ്ലണ്ടിന്‍റ 228 റണ്‍സിലേക്ക് ബാറ്റ് വീശിയ ഇന്ത്യയ്‌ക്ക് മത്സരത്തിന്‍റെ രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ഷെഫാലി വെര്‍മയെ നഷ്‌ടപ്പെട്ടു. പിന്നാലെ ഒത്തുചേര്‍ന്ന മന്ദാന-യാസ്‌തിക സഖ്യമാണ് ടീം സ്‌കോര്‍ ഉയര്‍തത്തിയത്. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 96 റണ്‍സാണ് ഇന്ത്യന്‍ ടീമിന്‍റെ ജയത്തില്‍ അടിത്തറ പാകിയത്.
അര്‍ധസെഞ്ച്വറി നേടിയതിന് തൊട്ടുപിന്നാലെ യാസ്‌തിക പുറത്തായി. ചാര്‍ലി ഡീനാണ് വിക്കറ്റ് സ്വന്തമാക്കിയത്. മന്ദാനയ്‌ക്കൊപ്പം ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ നിലയുറപ്പിച്ചതോടെ ഇന്ത്യ ജയത്തിലേക്ക് അടുത്തു. മൂന്നാം വിക്കറ്റില്‍ കൗര്‍ -മന്ദാന സഖ്യം 99 റണ്‍സാണ് അടിച്ചുകൂട്ടിയത്.
99 പന്തില്‍ 91 റൺസ് നേടിയ സ്‌മൃതി മന്ദാനയെ കേറ്റ് ക്രോസാണ് പുറത്താക്കിയത്. പത്ത് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു മന്ദാനയുടെ ഇന്നിങ്സ്. പിന്നാലെയെത്തിയ ഹര്‍ലീന്‍ ഡിയോളിനെ കൂട്ട് പിടിച്ച് കൗര്‍ ഇന്ത്യയെ ജയത്തിലേക്ക് എത്തിക്കുകയായിരുന്നു. കൗര്‍ പുറത്താകതെ 74 റൺസ് നേടി. ഇംഗ്ലണ്ടിനായി കേറ്റ് ക്രോസ് രണ്ട് വിക്കറ്റ് സ്വന്തമാക്കി.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ ആലിസ് ഡോവിഡ്‌ണ്‍ (50) ഡാനി വ്യാറ്റ് (43) എന്നിവരുടെ പ്രകടനങ്ങളാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. മത്സരത്തില്‍ ദീപ്‌തി ശര്‍മ ഇന്ത്യയ്‌ക്കായി രണ്ട് വിക്കറ്റ് സ്വന്തമാക്കി.