ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിന്‍റെ ഫൈനലില്‍ ശ്രീലങ്കയ്‌ക്ക് എതിരെ ഇന്ത്യയ്‌ക്ക് ഭേദപ്പെട്ട സ്‌കോര്‍ (India Women vs Sri Lanka Women score updates). ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 116 റണ്‍സാണ് നേടിയത്.
സ്‌മൃതി മന്ദാനയാണ് (Smriti Mandhana) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 45 പന്തുകളില്‍ 46 റണ്‍സാണ് താരം നേടിയത്. 40 പന്തുകളില്‍ 42 റണ്‍സെടുത്ത ജമീമ റോഡ്രിഗസും തിളങ്ങി. ശ്രീലങ്കയ്‌ക്കായി ഉദേഷിക പ്രബോധനി, സുഗന്ധിക പ്രിയ കുമാരി, ഇനോക രണവീര എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി.
3.4 ഓവറില്‍ സ്‌കോര്‍ ബോര്‍ഡില്‍ 16 റണ്‍സ് നില്‍ക്കെ ഇന്ത്യയ്‌ക്ക് ഓപ്പണര്‍ ഷഫാലി വര്‍മയെ നഷ്‌ടമായിരുന്നു. സുഗന്ധിക പ്രിയ കുമാരിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അനുഷ്‌ക സഞ്ജീവനി സ്റ്റംപ് ചെയ്‌തായിരുന്നു ഷഫാലിയുടെ (15 പന്തുകളില്‍ 9) മടക്കം. തുടര്‍ന്ന് ഒന്നിച്ച സ്മൃതി മന്ദാനയും ജമീമ റോഡ്രിഗസും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 73 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി. ബാറ്റിങ് പ്രയാസകരമായ പിച്ചില്‍ മോശം പന്തുകളെ മാത്രമായിരുന്നു ഇരുവരും ആക്രമിച്ചത്.
ഒമ്പതാം ഓവറിലാണ് ഇന്ത്യ 50 കടന്നത്. ഒടുവില്‍ 15-ാം ഓവറില്‍ സ്‌മൃതി മന്ദാനയെ വീഴ്‌ത്തി ഇനോക രണവീരയാണ് ലങ്കയ്‌ക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. നാല് ബൗണ്ടറികളും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു സ്‌മൃതിയുടെ ഇന്നിങ്‌സ്. ഇതോടെ ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ തകര്‍ച്ചയ്‌ക്കും തുടക്കമായി.