ഹാങ്‌ചോ:ഏഷ്യന്‍ ഗെയിംസ് വനിത ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം. ഫൈനലില്‍ ശ്രീലങ്കയെ 19 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ വനിതകള്‍ സുവര്‍ണ ചരിതം രചിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഉയര്‍ത്തിയ 117 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ലങ്കയ്‌ക്ക് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 97 റണ്‍സെടുക്കാനെ സാധിച്ചുള്ളു (India Women vs Sri Lanka Women Highlights).
22 പന്തില്‍ 25 റണ്‍സെടുത്ത ഹാസിനി പെരേരയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യയ്‌ക്കായി ടിറ്റാസ് സധു (Titas Sadhu) നാല് ഓവറില്‍ ആറ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. കുഞ്ഞന്‍ ലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കന്‍ വനിതകളുടെ തുടക്കം തന്നെ പാളി. സ്‌കോര്‍ ബോര്‍ഡില്‍ 14 റണ്‍സ് മാത്രം നില്‍ക്കെ മൂന്ന് വിക്കറ്റുകളാണ് സംഘത്തിന് നഷ്‌ടമായത്.
അനുഷ്‌ക സഞ്ജീവനി (5 പന്തുകളില്‍ 1), വിസ്മി ഗുണരത്‌നെ (3 പന്തുകളില്‍ 0), ക്യാപ്റ്റന്‍ ചമാരി അട്ടപ്പട്ടു (12 പന്തില്‍ 12) എന്നിവരെ മടക്കി ടിറ്റാസ് സധുവാണ് ലങ്കയുടെ തലയരിഞ്ഞത്. തുടര്‍ന്ന് ഒന്നിച്ച നിലാക്ഷി ഡി സിൽവയും ഹാസിനി പെരേരയും ചെറുത്ത് നില്‍പ്പിന് ശ്രമം നടത്തി. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 36 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
ഹാസിനിയെ (22 പന്തില്‍ 25) വീഴ്‌ത്തി രാജേശ്വരി ഗെയ്‌ക്‌വാദാണ് അപകടം ഒഴിവാക്കിയത്. പിന്നാലെ നിലാക്ഷി ഡി സിൽവയെ (34 പന്തില്‍ 23) പൂജ വസ്‌ത്രാകര്‍ ബൗള്‍ഡാക്കി. ഒഷാദി രണസിംഗ (26 പന്തില്‍ 19 ) രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചുവെങ്കിലും ദീപ്‌തി ശര്‍മയ്‌ക്ക് മുന്നില്‍ വീണു. കവിഷ ദിൽഹാരിയ്‌ക്കും (8 പന്തില്‍ 5) പിടിച്ച് നില്‍ക്കാനായില്ല.