കേരളം

kerala

ETV Bharat / sports

സ്‌മൃതി മന്ദാന തിളങ്ങി ; ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം - ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20

ഇംഗ്ലണ്ട് ഉയര്‍ത്തിയ 143 റണ്‍സ് വിജയ ലക്ഷ്യം 20 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. 53 പന്തില്‍ 13 ബൗണ്ടറികളോടെ 79 റണ്‍സടിച്ച സ്‌മൃതി മന്ദാന പുറത്താവാതെ നിന്നു

india women vs england women  ind w vs eng w  india vs england T20 highlights  smriti mandhana  സ്‌മൃതി മന്ദാന  ഇന്ത്യന്‍ വനിത ക്രിക്കറ്റ്  ഇന്ത്യ vs ഇംഗ്ലണ്ട്
സ്‌മൃതി മന്ദാന തിളങ്ങി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

By

Published : Sep 14, 2022, 12:30 PM IST

ഡെര്‍ബി : ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ വിജയം. ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് വനിതകള്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 142 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ 16.4 ഓവറില്‍ 146 റണ്‍സെടുത്താണ് ലക്ഷ്യം മറികടന്നത്.

അര്‍ധ സെഞ്ച്വറി പ്രകടനവുമായി തിളങ്ങിയ സ്‌മൃതി മന്ദാനയുടെ ഇന്നിങ്‌സാണ് ഇന്ത്യയ്‌ക്ക് വിജയമൊരുക്കിയത്. 53 പന്തില്‍ 13 ബൗണ്ടറികളോടെ 79 റണ്‍സടിച്ച താരം പുറത്താവാതെ നിന്നു. ഇംഗ്ലണ്ട് ഉയര്‍ത്തിയ 143 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്‌ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ സ്‌മൃതി മന്ദാനയും ഷഫാലി വര്‍മയും നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 55 റണ്‍സാണ് ഇരുവരും ഇന്ത്യന്‍ ടോട്ടലിലേക്ക് ചേര്‍ത്തത്.

ഏഴാം ഓവറിന്‍റെ അവസാന പന്തില്‍ ഷഫാലി വര്‍മയെ പുറത്താക്കി സോഫി എക്ലെസ്റ്റോണാണ് ഇംഗ്ലണ്ടിന് ആശിച്ച ബ്രേക്ക് ത്രൂ നല്‍കിയത്. 17 പന്തില്‍ 20 റണ്‍സെടുത്താണ് ഷഫാലി തിരിച്ചുകയറിയത്. മൂന്നാമതായെത്തിയ ഹേമലത വേഗം തിരിച്ചുകയറി. 10 പന്തില്‍ 9 റണ്‍സെടുത്ത താരത്തെ ഫ്രെയാ ഡേവിസ് ബൗള്‍ഡാക്കുകയായിരുന്നു. തുടര്‍ന്ന് ഒന്നിച്ച സ്‌മൃതി-ഹര്‍മന്‍പ്രീത് കൗര്‍ സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. 22 പന്തില്‍ പുറത്താവാതെ 29 റണ്‍സാണ് ഹര്‍മന്‍പ്രീത് നേടിയത്.

നേരത്തെ ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ടിനെ ഫ്രെയാ കെംപിന്‍റെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. 37 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും സഹിതം 51 റണ്‍സെടുത്ത താരം പുറത്താവാതെ നിന്നു. ഒരുഘട്ടത്തില്‍ അഞ്ചിന് 54 എന്ന നിലയില്‍ ഇംഗ്ലണ്ട് പതറിയിരുന്നു. തുടര്‍ന്ന് ഒന്നിച്ച ഫ്രെയാ കെംപ്- മയിയ ബൗചിയർ സഖ്യത്തിന്‍റെ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് തുണയായത്.

ആറാം വിക്കറ്റില്‍ നിര്‍ണായകമായ 65 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഇംഗ്ലണ്ട് ടോട്ടലില്‍ ചേര്‍ത്തത്. 18-ാം ഓവറിന്‍റെ മൂന്നാം പന്തില്‍ മയിയ ബൗചിയറിനെ പുറത്താക്കി സ്‌നേഹ റാണയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 26 പന്തില്‍ നാല്‌ ഫോറുകള്‍ സഹിതം 34 റണ്‍സാണ് താരം നേടിയത്.

ആമി ജോൺസ് (17 പന്തില്‍ 20), ബ്രയോണി സ്‌മിത്ത് (15 പന്തില്‍ 16) എന്നിവരാണ് രണ്ടക്കം തൊട്ട മറ്റ് താരങ്ങള്‍. സോഫിയ ഡങ്ക്‌ലി (5 പന്തില്‍ 5), ഡാനിയേൽ വ്യാറ്റ് (5 പന്തില്‍ 6), ആലീസ് കാപ്‌സി (6 പന്തില്‍ 4) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. സോഫി എക്ലെസ്റ്റോണ്‍ (6 പന്തില്‍ 7) പുറത്താവാതെ നിന്നു.

ഇന്ത്യയ്‌ക്കായി സ്‌നേഹ റാണ നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ദീപ്‌തി ശര്‍മ, രേണുക സിങ്‌ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. വിജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇംഗ്ലണ്ടിന് ഒപ്പമെത്താനും ഇന്ത്യയ്‌ക്ക് കഴിഞ്ഞു. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ജയിച്ചിരുന്നു. പരമ്പരയിലെ അവസാന മത്സരം നാളെ നടക്കും.

ABOUT THE AUTHOR

...view details