മുംബൈ:ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ആദ്യ ടെസ്റ്റില്‍ തകര്‍ച്ചയോടെ തുടങ്ങിയ ഇന്ത്യ ഭേദപ്പെട്ട നിലയിലേക്ക്. മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ 50 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ ഇന്ത്യന്‍ വനിതകള്‍ 238 റണ്‍സ് നേടിയിട്ടുണ്ട്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും (56 പന്തില്‍ 32) വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ യാസ്‌തിക ഭാട്ടിയയുമാണ് (28 പന്തില്‍ 19) ക്രീസില്‍.
മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനായിരുന്നു ഇന്ത്യയുടെ തീരുമാനം. എന്നാല്‍, പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ഹര്‍മന്‍പ്രീത് കൗറിനും സംഘത്തിനും മത്സരത്തില്‍ ലഭിച്ചത്. സ്കോര്‍ ബോര്‍ഡിലേക്ക് 47 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ തന്നെ ടീം ഇന്ത്യയ്‌ക്ക് ഓപ്പണര്‍മാരെ രണ്ട് പേരെയും നഷ്‌ടപ്പെട്ടു.
12 പന്തില്‍ 17 റണ്‍സ് നേടിയ സ്‌മൃതി മന്ദാനയുടെ (Smriti Mandhana) വിക്കറ്റാണ് ഇന്ത്യയ്‌ക്ക് ആദ്യം നഷ്‌ടമായത്. മന്ദാന മടങ്ങുമ്പോള്‍ 5.1 ഓവറില്‍ 25 റണ്‍സ് ഇന്ത്യ നേടി. ലോറന്‍ ബെല്‍ ആണ് സ്‌മൃതിയുടെ വിക്കറ്റ് നേടിയത്.
9-ാം ഓവറില്‍ ഷഫാലി വര്‍മയേയും (Shafali Verma) തിരികെ പവലിയനിലേക്ക് എത്തിക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചു. 30 പന്തില്‍ 19 റണ്‍സായിരുന്നു ഷഫാലിയുടെ സമ്പാദ്യം. കെയ്‌റ്റ് ക്രോസിനായിരുന്നു (Kate Cross) വിക്കറ്റ്.
മൂന്നാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച സതീഷ് ശുഭയും (Satheesh Shubha) ജെര്‍മിയ റോഡ്രിഗസും (Jermiah Rodrigues) ചേര്‍ന്ന് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റി. ഇരുവരും 115 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ ടീം ഇന്ത്യയുടെ സ്കോര്‍ ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ത്തത്. കരിയറിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ തന്നെ ഇരു താരങ്ങള്‍ക്കും അര്‍ധസെഞ്ച്വറി നേടാനും സാധിച്ചു.
76 പന്തില്‍ 66 റണ്‍സ് നേടിയ ശുഭയെ മടക്കി സോഫി എക്ലസ്റ്റോണ്‍ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 33-ാം ഓവറില്‍ സ്കോര്‍ 162ല്‍ നില്‍ക്കെ ആയിരുന്നു ശുഭ പുറത്തായത്. 38-ാം ഓവറില്‍ ജെര്‍മിയ റോഡ്രിഗസിനെയും (99 പന്തില്‍ 69) ഇന്ത്യയ്‌ക്ക് നഷ്‌ടമാകുകയായിരുന്നു. ലോറന്‍ ബെല്‍ ആണ് ജെര്‍മിയയുടെ വിക്കറ്റും നേടിയത്.
അതേസമയം, ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം ഒന്‍പത് വര്‍ഷത്തിന് ശേഷം ഇത് ആദ്യമായാണ് ഇന്ത്യയില്‍ ഒരു ടെസ്റ്റ് മത്സരം കളിക്കുന്നത്. ഈ മത്സരത്തിലൂടെ മൂന്ന് താരങ്ങളും ഇന്ത്യന്‍ വനിത ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം കുറിച്ചു. സതീഷ് ശുഭയ്‌ക്കും ജെര്‍മിയ റോഡ്രിഗസിനുമൊപ്പം രേണുക താക്കൂറുമാണ് ആദ്യ ടെസ്റ്റ് മത്സരം കളിക്കുന്നത് (Test Debutants For India Women against England).
Also Read :ആ ഷൂസ് ധരിക്കരുതെന്ന് ഐസിസി; ഉസ്‌മാന്‍ ഖവാജ കളിക്കാനിറങ്ങിയത് കറുത്ത ആം ബാന്‍ഡ് അണിഞ്ഞ്