മുംബൈ: ഇംഗ്ലണ്ടിനെതിരായ (Indw vs Engw) ടി20 പരമ്പര 2-1ന് കൈവിട്ടതിന്‍റെ ക്ഷീണത്തിലാണ് ഏക ടെസ്റ്റിനായി ഇന്ത്യന്‍ വനിതകള്‍ (India women Cricket team) ഇറങ്ങിയത്. എന്നാല്‍ നവി മുംബൈയിവെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 347 റൺസിന്‍റെ കൂറ്റന്‍ വിജയവുമായാണ് ഹര്‍മന്‍പ്രീത് കൗറും (Harmanpreet Kaur) സംഘവും കണക്ക് ചോദിച്ചത്. സ്വന്തം മണ്ണില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയമാണിത്.
ഇതോടൊപ്പം ഒരു ലോക റെക്കോഡ് കൂടി ഇന്ത്യ തൂക്കി. വനിത ടെസ്റ്റ് ക്രിക്കറ്റില്‍ റൺസ് അടിസ്ഥാനത്തിൽ ഒരു ടീമിന്‍റെ ഏറ്റവും വലിയ വിജയമാണ് നവി മുംബൈയിൽ ഇന്ത്യ നേടിയത്. (India records biggest win in women Test history In Navi Mumbai Test) 1998-ല്‍ കോൾട്ട്സില്‍ പാകിസ്ഥാനെതിരെ ശ്രീലങ്ക നേടിയ 309 റണ്‍സിന്‍റെ വിജയമാണ് പഴങ്കഥയായത്.
1972-ല്‍ ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ഡെര്‍ബനില്‍ നേടിയ 188 റണ്‍സിന്‍റെ വിജയമാണ് പിന്നിലുള്ളത്. 1949-ല്‍ അഡ്‌ലെയ്‌ഡില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെതിരെ 186 റണ്‍സിന്‍റേയും 1949-ല്‍ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെതിരെ ഓക്ക്‌ലാൻഡില്‍ 185 റണ്‍സിന്‍റേയും വിജയം നേടിയിട്ടുണ്ട്. (India Women vs England Women Navi Mumbai Test)
മത്സരത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ വിജയ ലക്ഷ്യമായ 479 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് വെറും 27.3 ഓവറില്‍ 131 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. എട്ട് ഓവറില്‍ 32 റണ്‍സിന് നാല് വിക്കറ്റ് വീഴ്‌ത്തിയ ദീപ്‌തി ശര്‍മയാണ് ഇംഗ്ലണ്ടിനെ കറക്കിയിട്ടത്. 20 പന്തില്‍ 21 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റ് ടോപ് സ്‌കോററായപ്പോള്‍ സോഫിയ ഡങ്ക്‌ലി (24 പന്തില്‍ 15), ടാമി ബ്യൂമൗണ്ട് (26 പന്തില്‍ 17), ഡാനി വ്യാറ്റ് (11 പന്തില്‍ 12), സോഫി എക്ലസ്റ്റോണ്‍ (11 പന്തില്‍ 10), കേറ്റ് ക്രോസ് (22 പന്തില്‍ 16), ചാര്‍ലി ഡീന്‍ (33 പന്തില്‍ 20*) എന്നിവരാണ് രണ്ടക്കം തൊട്ട മറ്റ് താരങ്ങള്‍. ഇന്ത്യയ്‌ക്കായി പൂജ വസ്‌ത്രാകര്‍ മൂന്നും രാജേശ്വരി ഗെയ്‌ക്‌വാദ് രണ്ടും രേണുക സിങ് ഒന്നും വിക്കറ്റുകളും നേടിയിരുന്നു.