മുംബൈ : ഇംഗ്ലണ്ടിനെതിരായ (Indw vs Engw) നവി മുംബൈ ടെസ്റ്റില്‍ ഹിമാലയന്‍ ലീഡുമായി രണ്ടാം ദിനം അവസാനിപ്പിച്ച് ഇന്ത്യന്‍ വനിതകള്‍. രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ഇന്ത്യ 42 ഓവറില്‍ ആറിന് 186 എന്ന നിലയില്‍ നില്‍ക്കെയാണ് ഇന്ന് സ്റ്റംപെടുത്തത്. ക്യാപ്റ്റന്‍ ഹർമന്‍പ്രീത് കൗറും Harmanpreet Kaur ( 64 പന്തില്‍ 44*), പൂജ വസ്‌ത്രാകറുമാണ് (41 പന്തില്‍ 17*) പുറത്താവാതെ നില്‍ക്കുന്നത് (India Women vs England Women Navi Mumbai test).
ആദ്യ ഇന്നിങ്‌സില്‍ 292 റണ്‍സിന്‍റെ ലീഡ് നേടിയ ഇന്ത്യയ്‌ക്ക് ഇതോടെ ആകെ 478 റണ്‍സിന്‍റെ ലീഡായി. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നേടിയ 428 റണ്‍സിന് മറുപടിക്ക് ഇറങ്ങിയ ഇംഗ്ലണ്ടിനെ 136 റണ്‍സില്‍ എറിഞ്ഞിട്ടാണ് ഇന്ത്യ വമ്പന്‍ ലീഡ് പിടിച്ചിരുന്നത്. സന്ദര്‍ശകരെ ഫോളോ ഓണിന് അയയ്‌ക്കാതെ ഇന്ത്യ രണ്ടാം ഇന്നിങ്‌സിന് ഇറങ്ങുകയായിരുന്നു.
എന്നാല്‍ ചാർലി ഡീനും സോഫി എക്ലസ്റ്റോണും ചേര്‍ന്ന് ഇന്ത്യയെ പ്രതിരോധത്തിലാക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. സ്‌കോര്‍ ബോര്‍ഡില്‍ 61 റണ്‍സ് നില്‍ക്കെ ആതിഥേയര്‍ക്ക് ആദ്യ വിക്കറ്റ് നഷ്‌ടമായി. സ്‌മൃതി മന്ദാനയെ (29 പന്തില്‍ 26) സോഫി എക്ലസ്റ്റോണാണ് പുറത്താക്കിയത്. അധികം വൈകാതെ ഷെഫാലി വർമ (53 പന്തില്‍ 33) തിരിച്ചയച്ച് ചാർലി ഡീന്‍ വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കമിട്ടു.
പിന്നാലെ യാസ്‌തിക ഭാട്ടിയ (14 പന്തില്‍ 9) എക്ലസ്റ്റോണ്‍ മടക്കിയപ്പോള്‍ ജെമീമ റോഡ്രിഗസ് (29 പന്തില്‍ 27), ദീപ്തി ശർമ്മ (18 പന്തില്‍ 20), സ്നേഹ് റാണ ( 1 പന്തില്‍ 0) എന്നിവര്‍ ചാർലി ഡീനിന് മുന്നില്‍ വീണതോടെയാണ് ഹര്‍മനും പൂജയും ക്രീസില്‍ ഒന്നിക്കുന്നത്. മത്സരത്തിന്‍റെ മൂന്നാം ദിനമായ നാളെ വേഗത്തില്‍ റണ്‍സടിച്ച് ഇംഗ്ലണ്ടിന് മുന്നില്‍ കൂറ്റന്‍ ലക്ഷ്യമുയര്‍ത്താനാവും ഇന്ത്യയുടെ ലക്ഷ്യം.