മുംബൈ: ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ ടി20യ്‌ക്ക് ഇന്ത്യന്‍ വനിതകള്‍ ഇന്നിറങ്ങും. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ വൈകീട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക (India Women vs England Women 1St T20I Preview). ഹര്‍മന്‍പ്രീത് കൗറിന് (Harmanpreet Kaur) കീഴില്‍ യുവത്വവും അനുഭവസമ്പത്തും കലര്‍ന്ന ടീമിനെയാണ് സെലക്‌ടര്‍മാര്‍ ഇംഗ്ലണ്ടിനെതിരെ തിരഞ്ഞടുത്തിരിക്കുന്നത്.
വയനാട്ടുകാരിയായ ഓള്‍ റൗണ്ടര്‍ മിന്നു മണിയ്‌ക്ക് (Minnu Mani) പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കുമോയെന്നാണ് മലയാളി ആരാധകര്‍ ഉറ്റുനോക്കുന്നത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, സ്‌മൃതി മന്ദാന, ജമീമറോഡ്രിഗസ്, ഷഫാലി വര്‍മ, ദീപ്‌തി വര്‍മ, രേണുക സിങ്, പൂജ വസ്‌ത്രാകര്‍ തുടങ്ങിയവരുടേയും പ്രകടനത്തില്‍ ഇന്ത്യയ്‌ക്ക് പ്രതീക്ഷ ഏറെയാണ്. ലോക നാലാം നമ്പര്‍ ടീമായ ഹര്‍മന്‍പ്രീതിനേയും സംഘത്തേയും സംബന്ധിച്ച് കുട്ടി ക്രിക്കറ്റില്‍ ഈ വര്‍ഷം ഇതുവരെ കാര്യങ്ങള്‍ മികച്ചതാണ്.
ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടിയ ടീം ബംഗ്ലാദേശിനെതിരെ അവരുടെ നാട്ടില്‍ മൂന്ന് മത്സര പരമ്പര 2-1ന് തൂക്കിയിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നടന്ന വെസ്റ്റ് ഇന്‍ഡീസ് കൂടെ പങ്കെടുത്ത ത്രിരാഷ്‌ട്ര പരമ്പരയുടെ ഫൈനലിലേക്ക് എത്താനും ഇന്ത്യയ്‌ക്കായിരുന്നു. എന്നാല്‍ സ്വന്തം മണ്ണിലും ഇംഗ്ലണ്ടിനെതിരെയും ഉള്ള ഇന്ത്യയുടെ റെക്കോഡ് അത്ര മികച്ചതല്ല.
ഇരു ടീമുകളും ആകെ കളിച്ച 27 ടി20കളില്‍ 20 എണ്ണവും ഇംഗ്ലണ്ടാണ് വിജയിച്ചത്. ഏഴ് മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യയ്‌ക്കൊപ്പം നിന്നത്. ഇംഗ്ലണ്ടിനെതിരെ ഇന്ത്യയില്‍ ഇതുവരെ കളിച്ച ഒമ്പത് ടി20കള്‍ ആതിഥേയര്‍ക്ക് വെറും രണ്ട് വിജയങ്ങള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ടീമിന്‍റെ അവസാന വിജയമാവട്ടെ അഞ്ച് വര്‍ഷങ്ങള്‍ മുമ്പ് 2018 മാര്‍ച്ചിലായിരുന്നു.