മിര്‍പൂര്‍ : ഏറെ നീണ്ട ഇടവേളയ്‌ക്ക് ശേഷം ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം വീണ്ടും പോരിനിറങ്ങുന്നു. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും. മിര്‍പൂരിലെ ഷേർ-ഇ-ബംഗ്ല നാഷണല്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് 1.30 മുതലാണ് കളി ആരംഭിക്കുക.
കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറില്‍ നടന്ന ടി20 ലോകകപ്പിന്‍റെ സെമി ഫൈനല്‍ മത്സരത്തില്‍ പുറത്തായതിന് ശേഷം ഇന്ത്യന്‍ വനിതകള്‍ കളിക്കുന്ന ആദ്യ അന്താരാഷ്‌ട്ര മത്സരമാണിത്. ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഉടച്ചുവാര്‍ക്കപ്പെട്ട ടീമിന്‍റെ ആത്മവിശ്വാസം ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ഹര്‍മന്‍പ്രീത് കൗര്‍ നേതൃത്വം നല്‍കുന്ന ഇന്ത്യ ബംഗ്ലാദേശിനെതിരെ ഇറങ്ങുന്നത്. മറുവശത്ത് ശ്രീലങ്കന്‍ വനിതകള്‍ക്കെതിരെ 2-1ന് പരമ്പര കൈവിട്ടതിന്‍റെ ക്ഷീണത്തിലാണ് ബംഗ്ലാദേശ്. ഇന്ത്യയ്‌ക്കെതിരെ കളിപിടിച്ച് ശക്തമായ തിരിച്ചുവരവാണ് നിഗർ സുൽത്താന നേതൃത്വം നല്‍കുന്ന ആതിഥേയരുടെ മനസിലെന്നത് വ്യക്തം.
ബംഗ്ലാദേശിനെതിരെ വ്യക്തമായ ആധിപത്യമുള്ള ടീമാണ് ഇന്ത്യ. ചരിത്രത്തില്‍ ഇതിന് മുന്‍പ് 13 തവണയാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്തിയത്. അതില്‍ 11 തവണയും വിജയം നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. വെറും രണ്ട് മത്സരങ്ങള്‍ മാത്രമാണ് ബംഗ്ലാദേശിനൊപ്പം നിന്നത്.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2018-ല്‍ ഏഷ്യ കപ്പിന്‍റെ ഫൈനലിലാണ് ബംഗ്ലാദേശ് അവസാനമായി ഇന്ത്യയെ തോല്‍പ്പിച്ചത്. ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ 59 റണ്‍സിന് ബംഗ്ലാദേശിനെ ഇന്ത്യ മുട്ടുകുത്തിച്ചിരുന്നു. സ്വന്തം മണ്ണില്‍ ഇതേവരെ ഒരൊറ്റ ടി20 മത്സരത്തിലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന നാണക്കേടും ബംഗ്ലാദേശിന്‍റെ തലയിലുണ്ട്.