കാന്‍റര്‍ബെറി: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ ജയവും പരമ്പരയും സ്വന്തമാക്കി ഇന്ത്യൻ വനിത ടീം. 111 പന്തില്‍ 18 ഫോറും നാല് സിക്‌സറും സഹിതം 143 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്‌റ്റൻ ഹര്‍മന്‍പ്രീത് കൗറും നാല് വിക്കറ്റുമായി രേണുക സിംഗും നിറഞ്ഞാടിയ മത്സരത്തിൽ 88 റൺസിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ മുന്നോട്ടുവെച്ച 334 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് 44.2 ഓവറില്‍ 245 റണ്‍സില്‍ പുറത്താകുകയായിരുന്നു.
ഇന്ത്യയുടെ 334 റണ്‍സ് പിന്തുടർന്ന ഇംഗ്ലണ്ടിന് സ്‌കോർബോർഡിൽ 50 റൺസ് തികയ്‌ക്കുന്നതിന് മുൻപ് തന്നെ മൂന്ന് മുൻനിര ബാറ്റർമാരെ നഷ്‌ടമായി. ആറ് റൺസുമായി ടാമി ബ്യൂമോണ്ട് റണ്ണൗട്ടായി. 15 റൺസെടുത്ത എമ്മാ ലാംബ്, ഒരു റൺസെടുത്ത സോഫിയ ഡംക്ലിയ എന്നിവർ രേണുക സിംഗിന്‍റെ പന്തുകളിൽ പുറത്തായി.
പിന്നീട് ക്രീസിൽ ഒത്തുചേർന്ന അലീസ് കാപ്‌സിയും ക്യാപ്റ്റന്‍ ഏമി ജോണ്‍സും പൊരുതി നോക്കിയെങ്കിലും ഇംഗ്ലണ്ടിനെ തുണച്ചില്ല. 39 റൺസ് വീതം നേടിയ അലീസ് കാപ്‌സിയെ ദീപ്‌തി ശർമ്മയും ഏമി ജോണ്‍സിനെ ഹേമലതയുടെ പന്തിൽ വിക്കറ്റ് കീപ്പർ യാസ്‌തിക ഭാട്യ സ്റ്റമ്പ് ചെയ്‌ത് പുറത്താക്കി. 58 പന്തില്‍ 65 റണ്‍സെടുത്ത ഡാനിയേല വ്യാറ്റാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറർ. ഇന്ത്യക്കായി രേണുക സിംഗ് നാലും ദയാലന്‍ ഹേമലത രണ്ടും ഷെഫാലി വര്‍മ്മയും ദീപ്‌തി ശര്‍മ്മയും ഓരോ വിക്കറ്റും വീഴ്‌ത്തി.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 333 റണ്‍സെടുത്തു. 12 റണ്‍സ് മാത്രമുള്ളപ്പോള്‍ ഷെഫാലി വർമ്മയുടെ വിക്കറ്റ് നഷ്‌ടമായ ഇന്ത്യ അതിശക്തമായി തിരിച്ചടിക്കുകയായിരുന്നു. 111 പന്തില്‍ 143 റണ്‍സുമായി പുറത്താകാതെ നിന്ന ഹര്‍മന്‍പ്രീത് കൗറും 58 റൺസ് നേടിയ ഹര്‍ലീന്‍ ഡിയോളുമാണ് ഇന്ത്യയെ വലിയ സ്‌കോറിൽ എത്തിച്ചത്.
ഷെഫാലി വര്‍മ്മ(8), സ്‌മൃതി മന്ഥാന(40), യാസ്‌തിക ഭാട്യ(26), പൂജ വസ്ത്രകര്‍(18), ദീപ്‌തി ശര്‍മ്മ(15) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്കോറുകള്‍. ഇംഗ്ലണ്ടിനായി പന്തെറിഞ്ഞ താരങ്ങളെല്ലാം ഓരോ വിക്കറ്റ് വീഴ്‌ത്തി. ആദ്യ ഏകദിനം ഏഴ് വിക്കറ്റിന് ജയിച്ച ഇന്ത്യ ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഒരു കളി അവസാനിക്കേ പരമ്പര സ്വന്തമാക്കി. 1999ന് ശേഷം ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ വനിതകളുടെ ആദ്യ ഏകദിന പരമ്പര ജയമാണിത്. പരമ്പരയിലെ അവസാന മത്സരം 24ന് ലോർഡ്‌സിൽ നടക്കും.