മാഞ്ചസ്റ്റർ:ഏകദിന കരിയറിലെ ആദ്യ സെഞ്ച്വറിയുമായി വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് കളം നിറഞ്ഞപ്പോൾ ഇംഗ്ലണ്ടിന് എതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. മാഞ്ചസ്റ്ററില്‍ ടോസ് നഷ്‌ടമായി ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് ഉയർത്തിയ 260 റൺസ് വിജയലക്ഷ്യം 42.1 ഓവറില്‍ അഞ്ച് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തിയാണ് ഇന്ത്യ മറികടന്നത്.
ഇന്ത്യയ്ക്ക് വേണ്ടി 113 പന്തില്‍ 16 ഫോറും രണ്ട് സിക്‌സും അടക്കം 125 റൺസ് നേടി പുറത്താകാതെ നിന്ന റിഷഭ് പന്താണ് കളിയിലെ കേമൻ. പന്തിന്‍റെ ആദ്യ ഏകദിന സെഞ്ച്വറിയാണ് മാഞ്ചസ്റ്ററില്‍ പിറന്നത്. മുൻനിര ബാറ്റർമാരായ രോഹിത് ശർമ ( 17), ശിഖർ ധവാൻ ( 1), വിരാട് കോലി ( 17), സൂര്യകുമാർ യാദവ് (16) എന്നിവർ വളരെ വേഗം മടങ്ങിയപ്പോൾ അർധസെഞ്ച്വറി നേടി പുറത്തായ ഹാർദിക് പാണ്ഡ്യെയെ (71) കൂട്ടുപിടിച്ചാണ് പന്ത് ഇന്ത്യയെ വിജയ തീരത്ത് എത്തിച്ചത്.
പാണ്ഡ്യ മടങ്ങിയപ്പോൾ ഏഴ് റൺസുമായി പുറത്താകാതെ നിന്ന രവി ജഡേജ പന്തിന് കൂട്ടായി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യയും രണ്ടാം മത്സരം ഇംഗ്ലണ്ടും ജയിച്ചിരുന്നു. അതോടെ മാഞ്ചസ്റ്ററില്‍ നടന്ന മൂന്നാം മത്സരം നിർണായകമായിരുന്നു. ഇതോടെ ഏകദിന പരമ്പര ഇന്ത്യ (2-1)ന് സ്വന്തമാക്കി.
നേരത്തെ ടോസ് നഷ്‌ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 45.5 ഓവറില്‍ 259 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. തകര്‍ച്ചയോടെ തുടങ്ങിയ ആതിഥേയരെ ക്യാപ്‌ടന്‍ ജോസ് ബട്‌ലറിന്‍റെ രക്ഷാപ്രവര്‍ത്തനമാണ് കരകയറ്റിയത്. 80 പന്തില്‍ 60 റണ്‍സ് നേടിയ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോറര്‍.