ബ്രിഡ്‌ജ്‌ടൗൺ:ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയ്ക്ക് ബാർബഡോസിന്‍റെ തലസ്ഥാനമായ ബ്രിഡ്‌ജ്‌ടൗണില്‍ തുടക്കം. ടോസ് നേടിയ ഇന്ത്യൻ നായകൻ വെസ്റ്റ് വിൻഡീസിനെ ബാറ്റിങിന് അയച്ചു. യുവതാരം മുകേഷ് കുമാറിന് ഏകദിനത്തിലെ അരങ്ങേറ്റ മത്സരം കൂടിയാണിത്. നേരത്തെ ഇന്ത്യൻ ടെസ്റ്റ് ടീമിലും പേസ് ബൗളറായ മുകേഷ് അരങ്ങേറ്റം കുറിച്ചിരുന്നു.
അതേസമയം പ്ലേയിങ് ഇലവനിൽ മലയാളി താരം സഞ്ജു സാംസണ് ഇടം നേടാൻ സാധിച്ചില്ല. സഞ്ജുവിന് പകരം ഇഷാൻ കിഷനാണ് വിക്കറ്റ് കീപ്പർ സ്ഥാനത്ത്. അതേസമയം ഏകദിനത്തിൽ മോശം പ്രകടനത്തിന്‍റെ പേരിൽ ഏറെ വിമർശനം കേട്ട സൂര്യകുമാർ യാദവിനെയും ആദ്യ മത്സരത്തിൽ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാല് പേസർമാരും രണ്ട് സ്‌പിന്നർമാരുമായാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്.
ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് ഒരുക്കം എന്ന നിലയില്‍ ഏറെ പ്രതീക്ഷയോടെയാണ് ടീം ഇന്ത്യ വെസ്റ്റ് ഇൻഡീസിന് എതിരായ പരമ്പരയെ നോക്കിക്കാണുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് ഇന്ത്യ വെസ്റ്റ് ഇൻഡീസില്‍ കളിക്കുന്നത്. ഇന്ത്യൻ നിരയിലെ യുവതാരങ്ങൾക്ക് ലോകകപ്പ് ടീമിൽ ഇടം നേടാനുള്ള ഒരു പാലമായാണ് ഈ പര്യടനത്തെ കണക്കാക്കുന്നത്.
ALSO READ :WI vs IND | കരീബിയന്‍ മണ്ണില്‍ മൂന്ന് ഏകദിനങ്ങള്‍, വമ്പന്‍ നേട്ടങ്ങള്‍ക്കരികില്‍ വിരാട് കോലിയും രോഹിത് ശര്‍മയും
അതേസമയം ചരിത്രത്തില്‍ ആദ്യമായി ഏകദിന ലോകകപ്പിന് യോഗ്യത നേടാനാകാതെ തകർന്ന വെസ്റ്റ് ഇന്‍ഡീസ് ഇനിയൊന്നും തന്നെ നഷ്‌ടപ്പെടാനില്ല എന്ന നിലയിലാകും ഏകദിന പരമ്പരയെ നേരിടുക. എന്നിരുന്നാൽ പോലും ഇന്ത്യക്കെതിരായ പരമ്പര ജയത്തോടെ പുതുജീവൻ സ്വന്തമാക്കാനാകും വിൻഡീസിന്‍റെ ശ്രമം.
ഷിംറോണ്‍ ഹെറ്റ്‌മെയർ ഉൾപ്പെടെയുള്ള വെടിക്കെട്ട് താരങ്ങൾ തിരിച്ചെത്തുന്നതോടെ കരുത്ത് വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് ഷായ് ഹോപ് നയിക്കുന്ന വിന്‍ഡീസ്. എന്നിരുന്നാൽ പോലും ഇന്ത്യക്ക് വെല്ലുവിളി തീർക്കാൻ കെൽപ്പുള്ള താര നിര ഇപ്പോഴും വിൻഡീസിനില്ല എന്നാണ് സത്യം.
പ്ലേയിംഗ് ഇലവന്‍
ഇന്ത്യ : രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍.
വെസ്റ്റ് ഇൻഡീസ് : ഷായ് ഹോപ് (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), കെയ്‌ല്‍ മെയേഴ്‌സ്, ബ്രാണ്ടന്‍ കിങ്, എലിക് അഥാന്‍സെ, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, റോവ്‌മാന്‍ പവല്‍, റൊമാരിയോ ഷെഫേര്‍ഡ്, യാന്നിക് കാരിയ, ഡൊമിനിക് ഡ്രാക്‌സ്, ജെയ്‌ഡന്‍ സീല്‍സ്, ഗുഡകേഷ് മോട്ടീ.
ടെസ്റ്റ് പരമ്പര ഇന്ത്യക്ക് : നേരത്തെ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യ 1-0 എന്ന നിലയില്‍ സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരം ഇന്ത്യ ജയിച്ചപ്പോൾ രണ്ടാം മത്സരം മഴ മൂലം സമനിലയിലായിരുന്നു. മത്സരത്തിന്‍റെ അവസാന ദിനം മഴമൂലം ഒരു പന്ത് പോലും എറിയാൻ സാധിച്ചിരുന്നില്ല.
ALSO READ :ഇന്ത്യൻ ടീമിൽ സർപ്രൈസ് മാറ്റം; മുഹമ്മദ് സിറാജ് നാട്ടിലേക്ക് മടങ്ങി, വിശ്രമം അനുവദിച്ചതെന്ന് ബിസിസിഐ