ഹരാരെ: ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ സിംബാബ്‌വെ ആദ്യം ബാറ്റ് ചെയ്യുന്നു. ഹരാരെ സ്പോര്‍ട്‌സ് ക്ലബിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ കെഎല്‍ രാഹുല്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഏഷ്യ കപ്പിന് മുന്നോടിയായി സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചതോടെ കെഎൽ രാഹുലിന്‍റെ നേതൃത്വത്തിൽ യുവ നിരയാണ് സിംബാബ്‌വെ കളത്തിലിറങ്ങുന്നത്.
മലയാളി താരം സഞ്ജു സാംസണാണ് വിക്കറ്റ് കീപ്പര്‍. മറ്റൊരു യുവ വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷന്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി പ്ലേയിംഗ് ഇലവനിലുണ്ട്. അതേസമയം അരങ്ങേറ്റത്തിന് രാഹുല്‍ ത്രിപാഠി കാത്തിരിക്കണം. കെഎല്‍ രാഹുലിനൊപ്പം പരിക്കു മാറി പേസര്‍ ദീപക് ചാഹര്‍ ഏറെക്കാലത്തിന് ശേഷം പ്ലേയിംഗ് ഇലവനിലെത്തിയതും മത്സരത്തെ ശ്രദ്ധേയമാക്കുന്നു.
ടി20 ലോകകപ്പിൽ രോഹിത് ശർമ്മയ്‌ക്കൊപ്പം ഓപ്പണർ സ്ഥാനം ഊട്ടി ഉറപ്പിക്കാൻ രാഹുലിന് ഈ പരമ്പര നിർണായകമാകും. രാഹുലിനെക്കൂടാതെ ശിഖർ ധവാൻ, ശുഭ്‌മാൻ ഗിൽ, ദീപക് ഹൂഡ, സഞ്ജു സാംസൺ എന്നിവരുടെ പ്രകടനവും ഏറെ നിർണായകമാകും.
സ്‌പിന്നര്‍ അക്ഷര്‍ പട്ടേലിനൊപ്പം വിന്‍ഡീസിലെ പ്രകടനത്തിന്‍റെ കരുത്തില്‍ കുല്‍ദീപ് യാദവും പ്ലേയിംഗ് ഇലവനിലെത്തി. ദീപക് ചാഹറിനൊപ്പം പ്രസിദ്ധ് കൃഷ്‌ണ, മുഹമ്മദ് സിറാജ് എന്നിവരാണ് മറ്റു പേസർമാർ പേസര്‍മാര്‍
സിംബാബ്‌വെ: തദിവനാഷെ മരുമണി, ഇന്നസെന്‍റ് കൈയ, സീൻ വില്യംസ്, വെസ്‌ലി മധേവെരെ, സിക്കന്ദർ റാസ, റെജിസ് ചകബ്‌വ (ക്യാപ്റ്റൻ & വിക്കറ്റ് കീപ്പര്‍), റയാൻ ബേൾ, ലൂക്ക് ജോങ്‌വെ, ബ്രാഡ്‌ലി ഇവാൻസ്, വിക്‌ടർ ന്യോച്ചി, റിച്ചാർഡ് നഗാരവ
ഇന്ത്യ: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശുഭ്‌മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്‌ണ, മുഹമ്മദ് സിറാജ്.
ബലാബലം: സിംബാബ്‌വെക്കെതിരെ ഏകദിനങ്ങളില്‍ മികച്ച റെക്കോര്‍ഡാണ് ടീം ഇന്ത്യക്കുള്ളത്. ഇതുവരെ 63 ഏകദിനങ്ങളില്‍ ഇരുകൂട്ടരും മുഖാമുഖം വന്നപ്പോള്‍ 51 മത്സരങ്ങളിലും ഇന്ത്യക്കായിരുന്നു ജയം. സിംബാബ്‌വെയുടെ ജയം 10ല്‍ ഒതുങ്ങിയപ്പോള്‍ രണ്ട് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു.