ഹരാരെ : സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് പത്ത് വിക്കറ്റിന്‍റെ ആധികാരിക ജയം. സിംബാബ്‌വെ ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം 30.5 ഓവറില്‍ വിക്കറ്റ് നഷ്‌ടമില്ലാതെയാണ് ഇന്ത്യ മറികടന്നത്. അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ശിഖര്‍ ധവാന്‍, ശുഭ്‌മാന്‍ ഗില്‍ എന്നിവര്‍ ചേര്‍ന്നാണ് സന്ദര്‍ശകര്‍ക്ക് അനായാസ ജയം സമ്മാനിച്ചത്. മൂന്ന് വിക്കറ്റ് നേടിയ ദീപക് ചഹാറാണ് കളിയിലെ താരം.
72 പന്തില്‍ 10 ബൗണ്ടറിയുടെയും, ഒരു സിക്‌സിന്‍റെയും അകമ്പടിയോടെയാണ് ഗില്‍ 82 റണ്‍സ് അടിച്ചത്. മറുവശത്ത് നിലയുറപ്പിച്ച് കളിച്ച ധവാന്‍ 113 പന്തില്‍ പുറത്താകാതെ 81 റണ്‍സ് നേടി. 9 ഫോറുകളാണ് ധവാന്‍റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. 10 ഓവറില്‍ 31 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ സിംബാബ്‌വെയ്‌ക്ക് നഷ്‌ടമായി. പരിക്കില്‍ നിന്ന് മുക്തനായി ടീമിലേക്ക് മടങ്ങിയെത്തിയ ദീപക് ചഹാറാണ് സിംബാബ്‌വെ മുന്‍ നിരയുടെ മുനയൊടിച്ചത്.
ഒന്‍പതാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ബ്രാഡ്‌ലി ഇവാൻസ് (33 നേട്ട് ഔട്ട്) , റിച്ചാർഡ് നഗാരവ (34) സഖ്യത്തിന്‍റെ രക്ഷാപ്രവര്‍ത്തനമാണ് സിംബാബ്‌വെയ്‌ക്ക് തുണയായത്. ഇരുവരും ചേര്‍ന്ന് 70 റണ്‍സാണ് നേടിയത്. മൂന്ന് വിക്കറ്റ് വീതം നേടിയ ദീപക് ചഹാര്‍, പ്രസിദ്ധ് കൃഷ്‌ണ, അക്സര്‍ പട്ടേല്‍ എന്നിവരുടെ ബോളിങ്ങാണ് സിംബാബ്‌വെയെ തകര്‍ത്തത്. സിറാജ് ഒരു വിക്കറ്റ് നേടിയപ്പോള്‍ പത്തോവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയ കുല്‍ദീപ് യാദവിന് വിക്കറ്റ് ഒന്നും ലഭിച്ചില്ല.