ഹരാരെ :ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലെ അവസാന ഏകദിനത്തില്‍ സിംബാബ്‌വെയ്‌ക്ക് 290 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്‌ടത്തിലാണ് 289 റണ്‍സ് നേടിയത്. അന്താരാഷ്‌ട്ര കരിയറിലെ ആദ്യ ശതകം സ്വന്തമാക്കിയ ശുഭ്‌മാന്‍ ഗില്‍ ആണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്.
97 പന്തില്‍ 130 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. ഇഷാന്‍ കിഷന്‍ ഇന്ത്യയ്‌ക്കായി അര്‍ധ സെഞ്ച്വറി നേടി. ആറാമനായി ക്രീസിലെത്തിയ സഞ്‌ജു സാംസണ്‍ 13 പന്തില്‍ 15 റണ്‍സ് മാത്രം നേടി പുറത്തായി. സിംബാബ്‌വെയുടെ ബ്രാഡ് ഇവാന്‍സ് മത്സരത്തില്‍ അഞ്ച് വിക്കറ്റാണ് നേടിയത്.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്‌ക്കായി ക്യാപ്‌റ്റന്‍ കെ.എല്‍ രാഹുലും ശിഖര്‍ ധവാനും ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 63 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രണ്ടാം ഏകദിനത്തില്‍ പൂജ്യത്തിന് പുറത്തായ രാഹുല്‍ മൂന്നാം മത്സരത്തില്‍ സാഹചര്യം മനസിലാക്കി സാവകാശമാണ് റണ്‍സ് ഉയര്‍ത്തിയത്. 46 പന്ത് നേരിട്ട് 30 റണ്‍സ് നേടിയ രാഹുലിനെ ബ്രാഡ് ഇവാന്‍സ് ആണ് പുറത്താക്കിയത്.
രണ്ടാം വിക്കറ്റില്‍ 21 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ധവാനെയും (40) ബ്രാഡ് ഇവാന്‍സ് തിരികെ പവലിയനിലെത്തിച്ചു. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ശുഭ്‌മാന്‍ ഗില്‍ ഇഷാന്‍ കിഷന്‍ സഖ്യം മത്സരത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ശ്രദ്ധയോടെ റണ്‍സ് ഉയര്‍ത്തിയ ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 140 റണ്‍സ് നേടി.