ഹരാരെ : സിംബാബ്‌വെയ്‌ക്കതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. പരമ്പരയിലെ അവസാന മത്സരത്തില്‍ 13 റണ്‍സിനാണ് ഇന്ത്യന്‍ ജയം. അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ ഇന്ത്യയെ വിറപ്പിച്ച ശേഷമാണ് ആതിഥേയര്‍ കീഴടങ്ങിയത്. 115 റണ്‍സ് നേടിയ സിക്കന്ദര്‍ റാസയാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. ഇന്ത്യയുടെ ശുഭ്‌മാന്‍ ഗില്‍ ആണ് കളിയിലെയും പരമ്പരയിലെയും താരം.
ഒരു വശത്ത് വിക്കറ്റ് നഷ്‌ടപ്പെടുമ്പോഴും മറുവശത്ത് നങ്കൂരമിട്ട് റണ്‍സ് ഉയര്‍ത്തി സിക്കന്ദര്‍ റാസയാണ് സിംബാബ്‌വെയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ഇന്ത്യന്‍ ബോളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചുപറത്തിയ റാസ ജയത്തിന് 15 റണ്‍സ് അകലെ പുറത്തായതോടെ ആതിഥേയരുടെ പോരാട്ടം അവസാനിച്ചു. അഞ്ചാമനായിറങ്ങിയ റാസ 95 പന്തില്‍ 115 റണ്‍സ് നേടി 49-ാം ഓവറിലാണ് പുറത്തായത്.
ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സിംബാബ്‌വെ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. ആറ് റണ്‍സെടുത്ത ഓപ്പണര്‍ ഇന്നസെന്‍റ് കൈയയെ ദീപക് ചഹാര്‍ മൂന്നാം ഓവറില്‍ പുറത്താക്കി. പിന്നാലെ ഓപ്പണര്‍ കൈറ്റാനോ പരിക്കേറ്റതിനെ തുടര്‍ന്ന് മത്സരത്തില്‍ നിന്നും പിന്‍ വാങ്ങി. തുടര്‍ന്ന് സീന്‍ വില്യംസ് ടോണി മുൻയോംഗ സഖ്യം ആതിഥേയരുടെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.
ഇരുവരുടെയും അര്‍ധസെഞ്ച്വറി കൂട്ടുകെട്ട് ആവേശ് ഖാന്‍ മുൻയോംഗയെ വീഴ്‌ത്തിയാണ് തകര്‍ത്തത്. സീന്‍ വില്യംസിനൊപ്പം സിക്കന്ദര്‍ റാസ ചേര്‍ന്നതോടെ സിംബാബ്‌വെ സ്‌കോറിങ് താളത്തിലായി. എന്നാല്‍ ടീം സ്‌കോര്‍ 120-ല്‍ നില്‍ക്കെ വില്യംസനെയും (45) നായകന്‍ ചകാബ്‌വെയും വീഴ്ത്തി അക്‌സര്‍ പട്ടേല്‍ ഇരട്ടപ്രഹരമേല്‍പ്പിച്ചതോടെ സിംബാബ്‌വെ പ്രതിരോധത്തിലായി.
ഒരുവശത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് തകര്‍ത്തടിച്ച റാസ സിംബാബ്‌വെയ്‌ക്ക് അവസാനം വരെ വിജയപ്രതീക്ഷ നല്‍കി. 59 പന്തില്‍ അര്‍ധസെഞ്ച്വറി നേടി ടോപ് ഗിയറിലായ റാസ ഇന്ത്യന്‍ ബോളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചുപറത്തി. 39-ാം ഓവര്‍ എറിയാനെത്തിയ ശാര്‍ദുലിനെ 20 റണ്‍സടിച്ചതിന് പിന്നാലെ ആവേശ് ഖാന്‍റെ ഒരു ഓവറില്‍ 17 റണ്‍സും റാസ അടിച്ചെടുത്തു.എന്നാല്‍ കൃത്യതയോടെ പന്തെറിഞ്ഞ ഇന്ത്യന്‍ ബോളര്‍മാരാണ് അവസാന രണ്ടോവറില്‍ മത്സരം ഇന്ത്യന്‍ വരുതിയിലാക്കിയത്.
ഇന്ത്യയ്‌ക്കായി ആവേശ് ഖാന്‍ മൂന്ന് വിക്കറ്റ് നേടി. അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ദീപക് ചഹാര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് സ്വന്തമാക്കി. മത്സരത്തിന്‍റെ ഗതി നിര്‍ണയിച്ച സിക്കന്ദര്‍ റാസയുടെ ഒരു വിക്കറ്റാണ് ശാര്‍ദുല്‍ താക്കുര്‍ സ്വന്തമാക്കിയത്.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്‌ടത്തിലാണ് 289 റണ്‍സെടുത്തത്. അന്താരാഷ്‌ട്ര കരിയറിലെ ആദ്യ ശതകം സ്വന്തമാക്കിയ ശുഭ്‌മാന്‍ ഗില്‍ (130) ആണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. ഗില്ലിന് പുറമെ ഇഷന്‍ കിഷന്‍ (50), ശിഖര്‍ ധവാന്‍ (40) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.