ഹരാരെ: ഏഷ്യ കപ്പിന് മുന്നോടിയായി സിംബാബ്‌വെക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയ്‌ക്ക് നാളെ തുടക്കം. ഹരാരെയിലാണ് മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം നടക്കുക. ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 12.45 നാണ് മത്സരങ്ങൾ ആരംഭിക്കുക.
സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ച മത്സരത്തിൽ കെഎൽ രാഹുലിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യൻ സംഘം കളത്തിലിറങ്ങുന്നത്. ശിഖർ ധവാനാണ് വൈസ് ക്യാപ്‌റ്റൻ. ടി20 ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ ഇന്ത്യൻ യുവതാരങ്ങൾക്കുള്ള മികച്ച അവസരമാണ് സിംബാബ്‌വെയ്‌ക്കെതിരായ പരമ്പര.
ശ്രദ്ധാകേന്ദ്രമായി രാഹുല്‍: നീണ്ട ഇടവേളക്ക് ശേഷം ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്ന കെഎൽ രാഹുലിന്‍റെ പ്രകടനത്തിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. ടി20 ലോകകപ്പിൽ രോഹിത് ശർമ്മയ്‌ക്കൊപ്പം ഓപ്പണർ സ്ഥാനം ഊട്ടി ഉറപ്പിക്കാൻ രാഹുലിന് ഈ പരമ്പര നിർണായകമാകും. രാഹുലിനെക്കൂടാതെ ശിഖർ ധവാൻ, ശുഭ്‌മാൻ ഗിൽ, ദീപക് ഹൂഡ, സഞ്ജു സാംസൺ എന്നിവരുടെ പ്രകടനവും ഏറെ നിർണായകമാകും.
സഞ്ജുവിനും, ഗില്ലിനും, ഹൂഡയ്‌ക്കും തങ്ങളുടെ ശക്‌തി തെളിയിക്കാൻ ലഭിക്കുന്ന മികച്ച അവസരമാണ് ഈ പരമ്പര. വിക്കറ്റ് കീപ്പറുടെ റോളിലേക്ക് ഇഷാൻ കിഷനുമുള്ളതിനാൽ സഞ്ജുവിന് ടീമിനുള്ളിൽ നിന്ന് തന്നെ വലിയ മത്സരം നേരിടേണ്ടി വരുമെന്നത് തീർച്ചയാണ്.
മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്‌ണ, ദീപക് ചാഹർ, ശാർദുൽ താക്കൂർ എന്നിവരടങ്ങുന്ന പേസ് നിരയും കുൽദീപ് യാദവ്, അക്‌സർ പട്ടേൽ, ഷഹബാസ് അഹമ്മദ് എന്നിവരടങ്ങുന്ന സ്‌പിൻ നിരയും സിംബാബ്‌വെയുടെ ബാറ്റർമാർക്ക് വെല്ലുവിളി തീർക്കുമെന്ന കാര്യത്തിൽ സംശയമില്ല. പരിക്കേറ്റ വാഷിങ്ടണ്‍ സുന്ദറിന് പകരക്കാരനായാണ് ഷഹബാസ് അഹമ്മദ് ടീമിൽ ഇടം പിടിച്ചത്.
ആറ് മാസത്തിന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ദീപക് ചാഹറിനും ഈ പരമ്പര ഏറെ നിർണായകമാണ്. ഏഷ്യ കപ്പിനുള്ള സ്റ്റാൻഡ്‌ബൈ ലിസ്റ്റിൽ ചാഹർ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും ടി20 ലോകകപ്പിലേക്കുള്ള ടീമിൽ ഇടം നേടാൻ പരമ്പരയിൽ മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും. പവർപ്ലേ ഓവറുകളിൽ വിക്കറ്റ് വീഴ്‌ത്താനും, ബാറ്റിങ്ങിൽ കൂറ്റൻ ഷോട്ടുകൾ പറത്താനുമുള്ള കഴിവ് ചാഹറിന് ഗുണകരമായേക്കും.
സാമ്പത്തിക നേട്ടം: ഇന്ത്യക്കെതിരായ പരമ്പര സിംബാബ്‌വെയ്‌ക്ക് ഒരു ലോട്ടറി കൂടിയാണ്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സിംബാബ്‌വെ ക്രിക്കറ്റിനെ സംബന്ധിച്ച് ഈ പരമ്പര പണം വാരാനുള്ള ഒരു ഉപാധി കൂടിയാണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് ലഭിക്കുന്ന ടിവി, ഡിജിറ്റൽ അവകാശ വരുമാനം സിംബാബ്‌വെ ക്രിക്കറ്റിന് വലിയ സാമ്പത്തിക ലാഭമാകും നേടിക്കൊടുക്കുക.
അതേസമയം സിംബാബ്‌വെയെ നിസാരക്കാരായി കാണേണ്ടതില്ലെന്ന നിലപാടിൽ തന്നെയാണ് ഇന്ത്യൻ ടീം. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ പ്രകടനത്തിലൂടെ തന്നെ തങ്ങൾ ഏത്രത്തോളം ശക്‌തരാണെന്ന് ലോക ക്രിക്കറ്റിന് കാട്ടിക്കൊടുക്കാൻ സിംബാബ്‌വെക്കായിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ പരമ്പരയിൽ തുടർച്ചയായ സെഞ്ച്വറികൾ നേടിയ സീനിയർ ബാറ്റർ സിക്കന്ദർ റാസയെ പൂട്ടുക എന്നതാകും ഇന്ത്യൻ ബോളിങ് നിരയുടെ പ്രധാനം ലക്ഷ്യം.
എവിടെ കാണാം:സോണി സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് ഇന്ത്യ-സിംബാബ്‌വെ ഏകദിന പരമ്പരയുടെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റര്‍മാര്‍. അതിനാല്‍ സോണിയുടെ ചാനലുകളിലും സോണി ലിവിലും മത്സരത്തിന്‍റെ ലൈവ് സ്ട്രീമിംഗ് കാണാം. ഓഗസ്റ്റ് 18, 20, 22 തീയതികളിൽ ഹരാരെ സ്പോർട്‌സ് ക്ലബിലാണ് മത്സരങ്ങൾ നടക്കുക. പ്രാദേശികസമയം രാവിലെ 9.15നും ഇന്ത്യന്‍സമയം ഉച്ചയ്ക്ക് 12.45നുമാണ് മത്സരങ്ങള്‍ തുടങ്ങുക.
ഇന്ത്യ:കെഎൽ രാഹുൽ (ക്യാപ്റ്റൻ), ശിഖർ ധവാൻ (വൈസ് ക്യാപ്റ്റൻ), ഋതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ഷഹബാസ് അഹമ്മദ്, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, അക്‌സർ പട്ടേൽ, ആവേശ് ഖാൻ, പ്രസിദ്ധ് കൃഷ്‌ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹർ.
സിംബാബ്‌വെ:റെജിസ് ചകബ്‌വ (ക്യാപ്റ്റൻ), റയാൻ ബർൾ, തനക ചിവാംഗ, ബ്രാഡ്‌ലി ഇവാൻസ്, ലൂക്ക് ജോങ്‌വെ, ഇന്നസെന്റ് കൈയ, തകുദ്‌സ്വനാഷെ കൈറ്റാനോ, ക്ലൈവ് മദാൻഡെ, വെസ്‌ലി മധെവെരെ, തടിവനഷെ മറുമണി, ജോൺ മസാര, ടോണി മൺയോങ്കാ, റിച്ചാർ നങ്കാർവ, വിക്‌ടർ ന്യുചി, സിക്കന്ദർ റാസ, മിൽട്ടൺ ഷുംബ, ഡൊണാൾഡ് ടിരിപാനോ.