പെർത്ത്: ടി20 ലോകകപ്പിന് മുന്നോടിയായി വെസ്റ്റേണ്‍ ഓസ്‌ട്രേലിയയ്ക്കെതിരെയുള്ള രണ്ടാം സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തോൽവി. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ 169 റണ്‍സ് എന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 36 റണ്‍സിന്‍റെ തോൽവിയാണ് ഏറ്റുവാങ്ങിയത്. 20 ഓവറിൽ 8 വിക്കറ്റ് നഷ്‌ടത്തിൽ 132 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്.
അർധ സെഞ്ച്വറി നേടിയ കെഎൽ രാഹുലിന് മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചുനിൽക്കാനായത്. ആദ്യ പരിശീലന മത്സരം ഇന്ത്യ 13 റണ്‍സിന് വിജയിച്ചിരുന്നു. നായകൻ രോഹിത് ശർമയുടെ അഭാവത്തിൽ കെഎൽ രാഹുലിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്. സൂര്യകുമാർ യാദവും വിരാട് കോലിയും ടീമിലുണ്ടായിരുന്നില്ല.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ബാറ്റർമാർ നിരനിരയായി പുറത്തായി. റിഷഭ് പന്ത് (9), ദീപക് ഹൂഡ (6), ഹാർദിക് പാണ്ഡ്യ (17), അക്‌സർ പട്ടേൽ (2), ദിനേഷ് കാർത്തിക് (10), ഹർഷൽ പട്ടേൽ (2), ഭുവനേശ്വർ കുമാർ (0) എന്നിങ്ങനെയാണ് താരങ്ങളുടെ സംഭാവന. ഒരു വശത്ത് ഒറ്റയാൾ പോരാട്ടം നടത്തുകയായിരുന്ന കെഎൽ രാഹുലിൽ മാത്രമായിരുന്നു ഇന്ത്യൻ പ്രതീക്ഷ.
തുടക്കത്തിൽ സാവധാനം ബാറ്റ് വീശിയ രാഹുൽ ഒടുവിൽ കത്തിക്കയറിയെങ്കിലും ആൻഡ്രൂ ടൈയുടെ പന്തിൽ പുറത്തായതോടെ ഇന്ത്യൻ പ്രതീക്ഷകൾ അസ്‌തമിച്ചു. രാഹുൽ 55 പന്തിൽ 74 റണ്‍സ് നേടി. ആദ്യം ബാറ്റ് ചെയ്‌ത വെസ്റ്റേണ്‍ ഓസ്‌ട്രേലിയ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിലാണ് 168 റണ്‍സ് നേടിയത്.
അർധ സെഞ്ച്വറി നേടിയ നിക്കോളസ് ഹോബ്‌സണാണ്‍, ഡാർസി ഷോർട്ട് എന്നിവരാണ് ടോപ് സ്‌കോറർ. ഇരുവരും ചേർന്ന് 112 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇന്ത്യയ്ക്കായി അശ്വിൻ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ഹർഷൽ പട്ടേൽ രണ്ടും അർഷ്‌ദീപ് സിങ് ഒരു വിക്കറ്റും നേടി.