മുംബൈ: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തോറ്റെത്തുന്ന ഇന്ത്യയെ കാത്തിരിക്കുന്നത് വെസ്റ്റ് ഇന്‍ഡീസാണ്. അടുത്ത മാസം മുതല്‍ക്കാണ് ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം ആരംഭിക്കുന്നത്. പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ വൈകാതെ തന്നെ ബിസിസിഐ പ്രഖ്യാപിച്ചേക്കും.
കൂടുതല്‍ യുവ താരങ്ങള്‍ക്ക് അവസരം നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) രാജസ്ഥാന്‍ റോയല്‍സിനായി തിളങ്ങിയ യുവ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിന് ടെസ്റ്റ് ടീമിലേക്ക് വിളിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ പകരക്കാരുടെ പട്ടികയില്‍ ഇടം നേടിയ താരം ടീമിനൊപ്പമുണ്ടായിരുന്നു. ഇപ്പോഴിതാ വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ടീമില്‍ യശസ്വി ജയ്‌സ്വാളിന് പൂര്‍ണ പിന്തുണ നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍.
ടീമിന്‍റെ പ്ലേയിങ് ഇലവനില്‍ 21-കാരനായ ജയ്‌സ്വാളിന് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജാഫര്‍ പറഞ്ഞു. കഴിഞ്ഞ സീസണില്‍ ഐപിഎല്ലിലും ആഭ്യന്തര സർക്യൂട്ടിലെ എല്ലാ ഫോർമാറ്റുകളിലും മികവ് പുലർത്താന്‍ ജയ്‌സ്വാളിന് കഴിഞ്ഞിട്ടുണ്ടെന്നും ജാഫര്‍ പറഞ്ഞു.
"യശസ്വി ജയ്‌സ്വാൾ തീർച്ചയായും അവരിലൊരാളാണ്. നിങ്ങൾ ഐപിഎൽ, ആഭ്യന്തര ക്രിക്കറ്റ് അല്ലെങ്കിൽ ഇന്ത്യ എ ക്രിക്കറ്റിനെ കുറിച്ച് സംസാരിച്ചാലും ഫോർമാറ്റുകളിലെല്ലാം റണ്‍സടിച്ച് കൂട്ടാന്‍ ജയ്‌സ്വാളിന് കഴിഞ്ഞിട്ടുണ്ട്. അവന്‍ തീര്‍ച്ചയായും ഇന്ത്യന്‍ ടീമിന്‍റെ ഭാഗമാകണമെന്ന് ഞാൻ കരുതുന്നു", വസീം ജാഫർ വ്യക്തമാക്കി. ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടാണ് മുന്‍ ഇന്ത്യന്‍ താരത്തിന്‍റെ പ്രതികരണം.