പോർട്ട് ഓഫ് സ്‌പെയിൻ :ഇന്ത്യയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബൗളിങ് തെരഞ്ഞെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി മുകേഷ് കുമാർ (Mukesh Kumar) ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം കുറിക്കുമ്പോൾ വിൻഡീസ് ടീമില്‍ കിർക് മക്കെൻസിക്കും അരങ്ങേറ്റ ടെസ്റ്റാണിത്. ശാർദുല്‍ താക്കൂറിന് പരിക്കേറ്റതിനെ തുടർന്നാണ് മുകേഷ് കുമാറിന് അരങ്ങേറ്റത്തിന് വഴിയൊരുങ്ങിയത്. റെയ്‌മൺ റെയ്‌ഫറിന് പകരമാണ് മക്കെൻസി വിൻഡീസ് ടീമില്‍ ഇടം പിടിച്ചത്.
ബിഹാറില്‍ ജനിച്ച മുകേഷ് കുമാർ രഞ്ജി ട്രോഫിയില്‍ ബംഗാളിന്‍റെ താരമാണ്. തുടർച്ചയായ സീസണുകളില്‍ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഇരുപത്തിയൊൻപതുകാരനായ മുകേഷിന് ഇന്ത്യൻ ടീമിലേക്ക് വഴിയൊരുങ്ങിയത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ താരമാണ് വലം കയ്യൻ ഫാസ്റ്റ് മീഡിയം പേസറായ മുകേഷ്.
കഴിഞ്ഞ മത്സരത്തില്‍ ഫിറ്റ്നസ് ബുദ്ധിമുട്ട് നേരിട്ട റഹ്‌കീം കോൺവാളിന് പകരം ഫാസ്റ്റ് ബൗളർ ഷാനൻ ഗബ്രിയേലിന് വിൻഡീസ് അവസരം നല്‍കിയിട്ടുണ്ട്. സ്‌പിന്നർമാർക്ക് അനുകൂലമായ പിച്ചാണ് പോർട്ട് ഓഫ് സ്പെയിനിലേതെന്നാണ് ആദ്യ റിപ്പോർട്ട്. മത്സരത്തിന് മഴ ഭീഷണിയുള്ളതായും റിപ്പോർട്ടുകളുണ്ട്.
തൂത്തുവാരാൻ ഇന്ത്യ : ടെസ്റ്റ് ചരിത്രത്തിൽ ഇന്ത്യ- വെസ്റ്റ് ഇൻഡീസ് 100-ാം മത്സരത്തിന് കൂടിയാണ് പോർട്ട് ഓഫ് സ്‌പെയിനിലെ ക്യൂൻസ് പാർക്ക് ഓവൽ സാക്ഷ്യം വഹിക്കുക. രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ മത്സരം അനായാസം വിജയിച്ച ഇന്ത്യ ഇന്നത്തെ മത്സരവും വിജയിച്ച് പരമ്പര തൂത്തുവാരാൻ ലക്ഷ്യമിട്ടാണ് മൈതാനത്ത് ഇറങ്ങുന്നത്. മറുവശത്ത് അവസാന മത്സരം വിജയിച്ച് പരമ്പര സമനിലയാക്കുകയാണ് വെസ്റ്റ് ഇൻഡീസിന്‍റെ ലക്ഷ്യം.
ഡൊമിനിക്കയിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്നിങ്‌സിനും 141 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം. ആദ്യ മത്സരത്തിലെ തകർപ്പൻ ജയത്തിന്‍റെ ആത്മവിശ്വാസം ഉള്ളതിനാൽ തന്നെ ആശങ്കയേതുമില്ലാതെയാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ഓപ്പണർമാരായ നായകൻ രോഹിത് ശർമയും യശസ്വി ജയ്‌സ്വാളും മികച്ച ഫോമിലാണ് ബാറ്റ് വീശുന്നത്. ആദ്യ മത്സരത്തിൽ സെഞ്ച്വറി കുറച്ച ഇരുവരും രണ്ടാം മത്സരത്തിലും അത് ആവർത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.