പോർട്ട് ഓഫ് സ്‌പെയിൻ : വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒടുവിൽ ഫലം ലഭിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 143 റണ്‍സ് എന്ന നിലയിലാണ്. ഓപ്പണർ യശ്വസി ജയ്‌സ്വാളിന്‍റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്‌ടമായത്. 57 റണ്‍സ് നേടിയ താരത്തെ ജേസണ്‍ ഹോൾഡർ പുറത്താക്കുകയായിരുന്നു. നിലവിൽ നായകൻ രോഹിത് ശർമ (73*), ശുഭ്‌മാൻ ഗിൽ എന്നിവരാണ് ക്രീസിൽ.
ക്യൂൻസ് പാർക്ക് ഓവലിൽ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി രോഹിതും ജയ്‌സ്വാളും മികച്ച തുടക്കമാണ് നൽകുന്നത്. ഇരുവരും ടെസ്റ്റ് ശൈലി വിട്ടാണ് ബാറ്റ് വീശിയത്. 75 പന്തിൽ നിന്ന് രോഹിത് 50 റണ്‍സ് പൂർത്തിയാക്കിയപ്പോൾ വെറും 51 പന്തിൽ നിന്നാണ് ജയ്‌സ്വാൾ 50 റണ്‍സ് നേടിയത്. ഇരുവരും തകർത്തടിച്ചതോടെ 20.5 ഓവറിൽ തന്നെ ഇന്ത്യൻ സ്‌കോർ 100 കടന്നു.
കേമർ റോച്ചിനെ തകർപ്പനൊരു സികസറിന് പറത്തിയാണ് രോഹിത് തന്‍റെ അർധ ശതകം പൂർത്തിയാക്കിയത്. തുടർന്നും ഇരുവരും തകർത്തടിച്ച് മുന്നേറി. 26-ാം ഓവറിൽ ടീം സ്‌കോർ 121ൽ നിൽക്കെയാണ് ഉച്ചഭക്ഷണത്തിന് പിരിഞ്ഞത്. മത്സരം പുനരാരംഭിച്ചതിന് ശേഷം ഇരുവരും പ്രതിരോധത്തിലൂന്നിയാണ് ബാറ്റ് വീശിയത്.
എന്നാൽ മികച്ച രീതിയിൽ മുന്നേറുകയായിരുന്ന ജയ്‌സ്വാളിനെ പുറത്താക്കി ഹോൾഡർ ഈ കൂട്ടുകെട്ട് പൊളിക്കുകയായിരുന്നു. ടീം സ്‌കോർ 139ൽ നിൽക്കെ ഹോൾഡർ കിർക് മക്കെൻസിയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. 74 പന്തിൽ ഒൻപത് ഫോറും ഒരു സിക്‌സും ഉൾപ്പെടെ 57 റണ്‍സ് നേടിയാണ് ജയ്‌സ്വാൾ പുറത്തായത്.