ട്രിനിഡാഡ് : വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20യിൽ ഇന്ത്യക്ക് എതിരെ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് നായകൻ റോവ്‌മാൻ പവൽ ബാറ്റിങ് തെരഞ്ഞെടുത്തു. തിലക് വർമയും, മുകേഷ് കുമാറും ടി20യിൽ ഇന്ത്യൻ ടീമിനായി അരങ്ങേറ്റം കുറിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനിൽ ഇടം നേടി.
സ്‌പെഷ്യലിസ്റ്റ് ബാറ്ററായാണ് താരത്തെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇഷാൻ കിഷനാണ് വിക്കറ്റ് കീപ്പർ. സീനിയർ താരങ്ങളായ രോഹിത് ശർമയും വിരാട് കോലിയുമില്ലാതെയാണ് ഇന്ത്യ ടി20 പരമ്പരയ്‌ക്കെത്തുന്നത്. ടി20 ലോകകപ്പിന് മുന്നോടിയായി ശക്‌തമായ യുവനിരയുള്ള പുതിയ ടീം ഇന്ത്യയെ വാർത്തെടുക്കാനുള്ള പദ്ധതികളുടെ തുടക്കം കൂടിയാകും ഈ പരമ്പര. ഐപിഎല്ലിൽ തിളങ്ങിയ തിലക് വർമയെ ടീമിൽ ഉൾപ്പെടുത്തിയത് ലോകകപ്പ് പദ്ധതിയുടെ ഭാഗമാണ്.
രോഹിത് ശർമയുടെ അഭാവത്തിൽ ശുഭ്‌മാൻ ഗില്ലിനൊപ്പം ഓപ്പണർ റോളിൽ യശസ്വി ജയ്‌സ്വാൾ എത്തുമെന്നായിരുന്നു കണക്ക് കൂട്ടൽ. എന്നാൽ ഇഷാൻ കിഷനെ തന്നെ വീണ്ടും പരീക്ഷിക്കാൻ ടീം മാനേജ്‌മെന്‍റ് തീരുമാനിക്കുകയായിരുന്നു. ഫിനിഷറുടെ റോളിലാണ് സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയിരിക്കന്നത്.
മധ്യനിരയിൽ ഇന്ത്യയുടെ ടി20 സ്‌പെഷ്യലിസ്റ്റ് സൂര്യകുമാർ യാദവും, ഹാർദിക് പാണ്ഡ്യയും ബാറ്റ് വീശും. മൂന്ന് സ്‌പിന്നർമാരുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. സ്‌പിൻ ഓള്‍ റൗണ്ടറായി അക്ഷര്‍ പട്ടേൽ എത്തുമ്പോൾ യുസ്‌വേന്ദ്ര ചാഹൽ, കുല്‍ദീപ് യാദവ് എന്നിവരാണ് മറ്റ് സ്‌പിന്നർമാർ. മുകേഷ് കുമാർ, അർഷ്‌ദീപ് സിങ് എന്നിവർക്കാണ് പേസ് ബോളിങ് ചുമതല.