ഗയാന : വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോർ. ആദ്യ ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 152 റണ്‍സ് നേടി. ബാറ്റർമാർ നിരാശപ്പെടുത്തിയ മത്സരത്തിൽ യുവതാരം തിലക് വർമയുടെ അർധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയെ മികച്ച നിലയിൽ എത്തിച്ചത്. തിലക് വർമ 51 റണ്‍സ് നേടി പുറത്തായി. നാല് ഇന്ത്യൻ ബാറ്റർമാർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്.
ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. രണ്ടാം ഓവറിൽ തന്നെ ശുഭ്‌മാൻ ഗില്ലിനെ ഇന്ത്യക്ക് നഷ്‌ടമായി. ഏഴ് റണ്‍സെടുത്ത താരത്തെ അൽസാരി ജോസഫ് ഹെറ്റ്‌മെയറിന്‍റെ കൈകളിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ക്രീസിലെത്തിയ വെടിക്കെട്ട് ബാറ്റർ സൂര്യകുമാർ യാദവിനെ നിർഭാഗ്യം റണ്ണൗട്ടിന്‍റെ രൂപത്തിൽ പിടികൂടി. വെറും ഒരു റണ്‍സ് മാത്രം നേടിയ താരം അനാവശ്യ റണ്ണിനായി ഓടി വിക്കറ്റ് വലിച്ചെറിയുകയായിരുന്നു.
തുടർന്ന് ക്രീസിലെത്തിയ തിലക് വർമ, ഇഷാൻ കിഷനെ കൂട്ടുപിടിച്ച് സ്‌കോർ ഉയർത്തി. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 42 റണ്‍സിന്‍റെ നിർണായക കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ടീം സ്‌കോർ 60ൽ നിൽക്കെ ഇഷാൻ കിഷനെ പുറത്താക്കി റോമാരിയോ ഷെപ്പേർഡാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 23 പന്തിൽ രണ്ട് വീതം സിക്‌സും ഫോറും ഉൾപ്പെടെ 27 റണ്‍സ് നേടിയാണ് കിഷൻ മടങ്ങിയത്.