പൂനെ: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. പൂനെയില്‍ രാത്രി ഏഴ് മുതലാണ് മത്സരം. ജയം പിടിച്ച് പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാകും ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ യുവ സംഘം ഇന്നിറങ്ങുക.
ആദ്യ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ കാല്‍മുട്ടിന് പരിക്കേറ്റ മലയാളി താരം സഞ്‌ജു സാംസണ്‍ ഇന്ന് കളിക്കില്ല. പകരക്കാരനായി വിദര്‍ഭ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സഞ്‌ജുവിന്‍റെ അഭാവത്തില്‍ രാഹുല്‍ ത്രിപാഠിയോ, ഋതുരാജ് ഗെയ്‌ക്‌വാദോ ഇന്ത്യയുടെ അന്തിമ ഇലവനിലേക്ക് എത്താനാണ് സാധ്യത.
ഒന്നാം ടി20യില്‍ ഇന്ത്യന്‍ ബാറ്റിങ്ങ് നിരയില്‍ പലരും മികവിലേക്കുയര്‍ന്നിരുന്നില്ല. ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്ക് ഏഴ് റണ്‍സ് വീതമെടുക്കാനാണ് സാധിച്ചത്. ദീപക് ഹൂഡ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍ എന്നിവരുടെ പ്രകടനമായിരുന്നു ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.
ഇന്ന് മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പില്‍ കാര്യമായ അഴിച്ചുപണിക്ക് സാധ്യതിയല്ല. അതേ സമയം ബോളിങ്ങിലേ്ക്ക് വരുമ്പോള്‍ അസുഖം മാറി അര്‍ഷ്‌ദീപ് സിങ് തിരിച്ചെത്തിയാല്‍ ഉമ്രാന്‍ മാലിക്ക് പകരക്കാരനാകേണ്ടി വരും. സ്‌പിന്നര്‍മാരായ അക്‌സര്‍ പട്ടേലിനും യുസ്‌വേന്ദ്ര ചഹാലിനും സ്ഥാനം ഏറെക്കുറെ ഉറപ്പാണ്.
അരങ്ങേറ്റ മത്സരത്തില്‍ നാല് വിക്കറ്റുമായി തിളങ്ങിയ ശിവം മാവി ഇന്നും ആദ്യ ഇലവനില്‍ ഉണ്ടാകും. അതേസമയം, ഏഷ്യന്‍ ചാമ്പ്യന്മാരായ ലങ്കന്‍ നിരയില്‍ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. കുശാല്‍ മെന്‍ഡിസ്, ധനഞ്ജയ ഡി സില്‍വ, വാനിന്ദു ഹസരങ്ക, ഭാനുക രാജപക്സെ എന്നിവരിലാണ് ശ്രീലങ്കന്‍ പ്രതീക്ഷകള്‍.