കൊല്‍ക്കത്ത: ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് കൊല്‍ക്കത്തയില്‍. ഈഡന്‍ ഗാര്‍ഡന്‍സില്‍ ഉച്ചയ്‌ക്ക് ഒന്നര മുതലാണ് കളി ആരംഭിക്കുക. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ 67 റണ്‍സിന് ജയിച്ചിരുന്നു. ഈഡന്‍ ഗാര്‍ഡന്‍സില്‍ 5 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ഇറങ്ങുന്നത്. അതേസമയം ആദ്യ മത്സരത്തിലെ തോല്‍വിക്ക് പകരം വീട്ടാനാകും ശ്രീലങ്കയുടെ ശ്രമം.
ബംഗ്ലാദേശിനെതിരായ പരമ്പരയിലെ അവസാന മത്സരത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ ഇഷാന്‍ കിഷന്‍ ഇന്ന് ടീമിലേക്കെത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ആദ്യ മത്സരത്തില്‍ കിഷന് പകരമെത്തിയ ഗില്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയത് ഇഷാൻ കിഷന് തിരിച്ചടിയാകും. ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ നല്‍കുന്ന സൂചനയനുസരിച്ച് ആദ്യ മത്സരത്തിലെ ടീമിനെ തന്നെ ഇന്ത്യ നിലനിര്‍ത്താനാണ് സാധ്യത.
രോഹിത്, ഗില്‍, വിരാട് കോലി എന്നിവരുടെയെല്ലാം ബാറ്റില്‍ നിന്ന് റണ്‍സ് ഒഴുകുന്നത് കൊണ്ട് ഇന്ത്യക്ക് ബാറ്റിങ്ങില്‍ കാര്യമായ ആശങ്കകളൊന്നുമില്ല. ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍ എന്നിവരുടെ ഓള്‍റൗണ്ട് മികവും ടീമിന് കരുത്ത് നല്‍കും. ബോളിങ്ങിലും കാര്യമായ വെല്ലുവിളിയുണ്ടാകാന്‍ ഇടയില്ല.
മുഹമ്മദ് ഷമി നേതൃത്വം നല്‍കുന്ന പേസ് ബോളിങ് നിരയില്‍ മുഹമ്മദ് സിറാജും ഉമ്രാന്‍ മാലിക്കും കഴിഞ്ഞ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം കാഴ്‌ചവെച്ചിരുന്നു. അക്സറിനൊപ്പം ചഹാലിനാകും രണ്ടാം മത്സരത്തിലും സ്‌പിന്‍ ബോളിങ്ങ് ചുമതല.
ലങ്ക നേരിടുന്ന പ്രധാന പ്രശ്‌നം താരങ്ങളുടെ സ്ഥിരതയില്ലായ്‌മയാണ്. പതും നിസങ്ക, ദസുൻ ഷനക, ധനഞ്ജയ ഡി സിൽവ, വാനിന്ദു ഹസരംഗ എന്നിവരുടെ പ്രകടനമികവിലാണ് സന്ദര്‍ശകരുടെ പ്രതീക്ഷ. പരിക്കേറ്റ ദിൽഷൻ മദുഷൻകയ്ക്ക് പകരം ലഹിരു കുമാര ഇന്ന് ടീമിലെത്താന്‍ സാധ്യതയുണ്ട്.
ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യ-ശ്രീലങ്ക ടീമുകള്‍ മുഖാമുഖം പോരടിക്കാനിറങ്ങുന്ന ആറാമത്തെ മത്സരമാണിത്. അതില്‍ മൂന്ന് മത്സരങ്ങളിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. 2014ല്‍ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഈഡനില്‍ നടന്ന മത്സരത്തിലായിരുന്നു രോഹിത് ശര്‍മ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ (264) സ്വന്തമാക്കിയത്.
പിച്ച് റിപ്പോര്‍ട്ട്:പൊതുവെ ബാറ്റിങ്ങ് അനുകൂലമായ പിച്ചാണ് ഇഡനിലേതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ബാറ്റര്‍മാരെയും ബൗളര്‍മാരേയും ഒരുപോലെ പിന്തുണയ്ക്കുന്ന സ്വഭാവം അടുത്തിടെയായി പിച്ച് കാണിക്കുന്നുണ്ട്. 245 ആണ് ഇവിടെ ആദ്യ ഇന്നിങ്‌സിലെ ശരാശരി സ്കോര്‍.
ഇന്നിങ്സിന്‍റെ തുടക്കത്തില്‍ പേസ് ബോളര്‍മാര്‍ക്ക് മുന്‍തൂക്കം ലഭിക്കാനാണ് സാധ്യത. മത്സരം പുരോഗമിക്കുന്തോറും പിച്ചിന്‍റെ സ്വഭാവം മാറിക്കൊണ്ടേയിരിക്കും. ഇത് ബാറ്റര്‍മാര്‍ക്ക് അനുകൂലമാകാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍.
കാണാനുള്ള വഴി: സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിലാണ് ഇന്ത്യ vs ശ്രീലങ്ക ഏകദിന പരമ്പരയിലെ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും തത്സമയ സ്ട്രീമിങ്ങുണ്ട്.
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഇഷാൻ കിഷൻ, വാഷിങ്‌ടൺ സുന്ദർ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അക്‌സർ പട്ടേൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, അർഷ്ദീപ് സിങ്.
ശ്രീലങ്ക:ദസുൻ ഷനക (ക്യാപ്‌റ്റന്‍), പാത്തും നിസ്സങ്ക, അവിഷ്‌ക ഫെർണാണ്ടോ, സദീര സമരവിക്രമ, കുശാൽ മെൻഡിസ് (വൈസ് ക്യാപ്‌റ്റന്‍), ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, വാനിന്ദു ഹസരംഗ, അഷെൻ ബണ്ഡാര, മഹീഷ് തീക്ഷണ, ചാമിക കരുണരത്‌നെ, ജെഫറി വാൻഡർസെ, ദിൽഷൻ മധുശങ്ക, കസുൻ രജിത, നുവാനിദു ഫെർണാണ്ടോ, ദുനിത് വെല്ലലഗെ, പ്രമോദ് മധുഷൻ, ലഹിരു കുമാര.