ബംഗളൂരു:ഇന്ത്യ -ശ്രീലങ്ക പിങ്ക് ബോൾ ടെസ്റ്റിന് ഇന്ന് തുടക്കം. ഉച്ചക്ക് രണ്ട് മണി മുതല്‍ ബംഗളൂരുവിലാണ് മത്സരം. ആദ്യമത്സരത്തിലെ ഇന്നിങ്സ് വിജയത്തിന്‍റെ ആത്‌മവിശ്വാസത്തിലിറങ്ങുന്ന ഇന്ത്യക്ക് ഇന്നത്തെ മത്സരത്തിൽ വിജയിക്കാനായാൽ പരമ്പര തൂത്തുവാരാം. മറുവശത്ത് ആദ്യമത്സരത്തിൽ തകർന്നടിഞ്ഞ ശ്രീലങ്കയ്‌ക്ക് തലയുയർത്തി നിർക്കാൻ ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്.
പിങ്ക് ബോൾ ടെസ്റ്റിൽ നാട്ടിൽ മികച്ച റെക്കോഡുള്ള ഇന്ത്യയെ തകർക്കുക എന്നത് ശ്രീലങ്കയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയായിരിക്കും. കൂടാതെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ പൂർണമായും കാണികളെ അനുവദിച്ചതിനാൽ അതും ഇന്ത്യക്ക് കരുത്തേകും. ഈ വർഷം നാട്ടിൽ നടക്കുന്ന ഇന്ത്യൻ ടീമിന്‍റെ അവസാന ടെസ്റ്റ് എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.
രാജ്യന്തര ക്രിക്കറ്റിൽ സെഞ്ച്വറിയില്ലാതെ 28 മാസം പിന്നിട്ട വിരാട് കോലിയിലാണ് ഇന്നും ഇന്ത്യയുടെ കണ്ണ്. തന്‍റെ ഇഷ്‌ട മൈതാനമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കോലിയുടെ തകർപ്പൻ സെഞ്ച്വറി കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 2019 നവംബറിൽ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ അവസാന പിങ്ക് ടെസ്റ്റിലാണ് കോലി അവസാനമായി സെഞ്ച്വറി നേടിയത്.