കൊളംബോ:ടി20 ലോക കപ്പ് മുന്നില്‍ കണ്ടാണ് ബിസിസിഐ ശിഖര്‍ ധവാന്‍റെ നേതൃത്വത്തില്‍ ഒരു യുവ സംഘത്തെ ലങ്കന്‍ പര്യടനത്തിനയച്ചിരിക്കുന്നത്. പരമ്പരയിലെ താരങ്ങളുടെ പ്രകടനങ്ങള്‍ വിലയിരിത്തിയാവും ടി20 ലോക കപ്പിനുള്ള ടീമിലേക്ക് ഇവരെ പരിഗണിക്കുക. ഇതോടെ മികച്ച പ്രകടനം നടത്തി ലോക കപ്പിനുള്ള ടീമില്‍ സ്ഥാനം ഉറപ്പിക്കാനാണ് താരങ്ങളുടെ ശ്രമം.
ഇപ്പോഴിതാ പരമ്പയുടെ ഭാഗമായ സ്പിന്നര്‍മാര്‍ തമ്മിലുള്ള ആരോഗ്യപരമായ മത്സരത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് യുസ്‌വേന്ദ്ര ചഹൽ. ആരോഗ്യപരമായ മത്സരത്തെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും ടീമിനായി മികച്ച പ്രകടനം കാഴ്ചവെക്കുന്നതിലാണ് തന്‍റെ പ്രധാന ശ്രദ്ധയെന്നുമാണ് താരം പറയുന്നത്.
also read: ട്വന്‍റി-ട്വന്‍റിയിലും ഇന്ത്യയ്ക്ക് വിജയത്തുടക്കം; ലങ്കയെ തകർത്തത് 38 റൺസിന്
''30 കളിക്കാരടങ്ങിയ സംഘമാണ് ഞങ്ങള്‍ക്കുള്ളത്. എല്ലാവരും നന്നായി കളിക്കുന്നവരാണ്, എന്‍റെ ശ്രദ്ധ മികച്ച പ്രകടനം മാത്രമാണ്. നിങ്ങൾ നന്നായി കളിക്കുകയാണെങ്കില്‍ ടീമിൽ തുടരും, മറിച്ചാണെങ്കില്‍ തുടരാനാവില്ല. മറ്റുള്ളവർ എന്താണ് ചെയ്യുന്നതെന്ന് ഞാൻ നോക്കുന്നില്ല. ടീമിനായി മികച്ച പ്രകടനങ്ങൾ നൽകുന്നതിലാണ് ഞാന്‍ ശ്രദ്ധ ചെലുത്തുന്നത്'' ചഹൽ പറഞ്ഞു.
അതേസമയം ലങ്കയ്ക്കെതിരായ ആദ്യ ടി20 മത്സരത്തില്‍ അരങ്ങേറ്റം നടത്തിയ സഹ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയോട് മത്സരത്തിന് മുന്നേ തന്നെ താന്‍ സംസാരിച്ചിരുന്നതായും സാധാരണ കളിക്കുന്ന രീതി പിന്തുടരാനാണ് നിര്‍ദേശിച്ചതെന്നും ചഹല്‍ പറഞ്ഞു. ''ആദ്യ മത്സരത്തില്‍ തീര്‍ച്ചയായും സമ്മര്‍ദങ്ങളുണ്ടാവും എന്നാല്‍ ഐപിഎല്‍ കളിക്കുമ്പോഴും അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുമ്പോളും ഒന്നും തന്നെ മാറുന്നില്ല എന്നതാണ് സത്യ''മെന്നും താരം കൂട്ടിച്ചേര്‍ത്തു.