കൊളംബോ:ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിന്‍റെ ഫൈനലില്‍ ശ്രീലങ്കയ്‌ക്ക് എതിരെ ഇന്ത്യ ആദ്യം ബോള്‍ ചെയ്യും. ടോസ് നേടിയ ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു (India vs Sri Lanka Toss Report). ടോസ് ലഭിച്ചിരുന്നുവെങ്കില്‍ ബാറ്റിങ് തിരഞ്ഞെടുക്കുമായിരുന്നുവെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) പറഞ്ഞു. പിച്ച് വരണ്ടതായി തോന്നുന്നു.
ശ്രീലങ്ക എത്ര സ്‌കോര്‍ നേടിയാലും അതിനെ പിന്തുടരാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. ബോള്‍ ഉപയോഗിച്ച് ആക്രമണോത്സുകത കാണിക്കാനും പിച്ചില്‍ നിന്നും ലഭിക്കുന്നത് എന്തെന്ന് അറിയാനുമുള്ള നല്ല അവസരമാണിത്. പരിക്കേറ്റ അക്‌സര്‍ പട്ടേലിന് പകരക്കാരനായി വാഷിങ്‌ടണ്‍ സുന്ദര്‍ പ്ലേയിങ് ഇലവനിലെത്തിയതായും രോഹിത് അറിയിച്ചു.
ഇതു കൂടാതെ ബംഗ്ലാദേശിനെതിരെ കളിച്ച ടീമില്‍ നിന്ന് തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, മുഹമ്മദ് ഷമി, ശാര്‍ദുല്‍ താക്കൂര്‍, പ്രസിദ്ധ് കൃഷ്‌ണ, എന്നിവരും പുറത്തായി. വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവരാണ് തിരികെ എത്തിയത്.
ഏഷ്യ കപ്പ് ഫൈനല്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കാനാവുന്നത് വലിയ സന്തോഷമാണെന്ന് ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനക പ്രതികരിച്ചു. കഴിഞ്ഞ മത്സത്തിലെ ടീമില്‍ ഒരു മാറ്റമുണ്ടെന്നും ലങ്കന്‍ നായകന്‍ അറിയിച്ചു. സ്‌പിന്നര്‍ മഹീഷ് തീക്ഷണയ്‌ക്ക് പകരം ഹേമന്ദയാണ് ടീമിലെത്തിയത്.