മൊഹാലി: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോൾ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. ആദ്യ ദിനം അവസാനിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 357 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 45 റണ്‍സുമായി രവീന്ദ്ര ജഡേജയും, 10 റണ്‍സുമായി ആറ് അശ്വിനുമാണ് ക്രീസിൽ.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്കായി നായകൻ രോഹിത് ശർമ്മയും മായങ്ക് അഗർവാളും ചേർന്ന് മോശമല്ലാത്ത തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ആദ്യവിക്കറ്റിൽ 52 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. രോഹിത് ശർമ്മയുടെ (29) വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്‌ടമായത്. രോഹിത്തിന് ശേഷം ക്രീസിലെത്തിയ ഹനുമാൻ വിഹാരി മികച്ച ഫോമിൽ തന്നെ ബാറ്റ് വീശി.
എന്നാൽ സ്കോർ 80ൽ നിൽക്കെ മികച്ച ഷോട്ടുകളുമായി കളംപിടിച്ച മയാങ്കിനെ(33) എംബുല്‍ഡെനിയ എൽബിയിൽ കുരുക്കി. പിന്നാലെ 100-ാം ടെസ്റ്റിനായി കളത്തിലിറങ്ങിയ വിരാട് കോലിയും ഹനുമാൻ വിഹാരിയും ചേർന്ന് സ്കോർ ഉയർത്തി. ഇരുവരും ചേർന്ന് ഇന്ത്യൻ ടോട്ടൽ 150 കടത്തി. ഇതിനിടെ വിഹാരി അർധ ശതകം പൂർത്തിയാക്കുകയും ചെയ്‌തു.
100-ാം ടെസ്റ്റിൽ സെഞ്ച്വറി പ്രതീക്ഷിച്ചിരുന്ന ആരാധകരെ ഞെട്ടിച്ചുകൊണ്ട് അർധ ശതകത്തിന് തൊട്ടുമുൻപായി കോലി(45) പുറത്തായി. ലസിത് എംബുൽദെനിയ കോലിയെ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. തൊട്ട് പിന്നാലെ തന്നെ ഹനുമാൻ വിഹാരിയും(58) പുറത്തായി.