കൊളംബോ:ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിന്‍റെ ഫൈനലില്‍ ഇന്ത്യയ്‌ക്ക് എതിരെ ശ്രീലങ്ക കുഞ്ഞന്‍ സ്‌കോറിന് പുറത്ത് (India vs Sri Lanka Score updates). ടോസ് നേടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ശ്രീലങ്കയ്‌ക്ക് 15.2 ഓവറില്‍ പത്ത് വിക്കറ്റ് നഷ്‌ടത്തില്‍ വെറും 50 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്.
തീ തുപ്പുന്ന പന്തുകളുമായി നിറഞ്ഞാടിയ മുഹമ്മദ് സിറാജാണ് ലങ്കയുടെ കഥ കഴിച്ചത്. ഏഴ് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റുകളാണ് സിറാജ് നേടിയത്. ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റുകളും ബുംറ ഒരു വിക്കറ്റും സ്വന്തമാക്കി. 34 പന്തില്‍ 17 റണ്‍സെടുത്ത കുശാല്‍ മെൻഡിസാണ് ലങ്കയുടെ ടോപ് സ്‌കോറര്‍
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയ്‌ക്ക് ആറ് ഓവറുകള്‍ പൂര്‍ത്തിയാവുമ്പോള്‍ തന്നെ ആറ് വിക്കറ്റുകള്‍ നഷ്‌ടമായിരുന്നു. വെറും 13 റണ്‍സ് മാത്രമായിരുന്നു ഈ സമയം ലങ്കന്‍ ടോട്ടലിലുണ്ടായിരുന്നത്. കുശാല്‍ പെരേര (2 പന്തില്‍ 0), പാത്തും നിസ്സാങ്ക (4 പന്തില്‍ 2), സദീര സമരവിക്രമ (2 പന്തില്‍ 0), ചരിത് അസലങ്ക (1 പന്തില്‍ 0) , ധനഞ്ജയ ഡി സിൽവ (2 പന്തില്‍ 4), ദസുൻ ഷനക (4 പന്തില്‍ 0) എന്നിവരാണ് വന്നപാടെ മടങ്ങിയത്.
തന്‍റെ 16 പന്തുകള്‍ക്കുള്ളില്‍ അഞ്ച് വിക്കറ്റ് തികച്ചുകൊണ്ട് മുഹമ്മദ് സിറാജാണ് (mohammed siraj) ശ്രീലങ്കയുടെ അടിവേരിളക്കിയത്. മഴത്തുടര്‍ന്ന് വൈകി ആരംഭിച്ച മത്സരത്തിന്‍റെ ആദ്യ ഓവറിന്‍റെ മൂന്നാം പന്തില്‍ തന്നെ കുശാല്‍ പെരേരയെ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന്‍റെ കയ്യിലെത്തിച്ച് ജസ്‌പ്രീത് ബുംറ ഇന്ത്യയുടെ നയം വ്യക്തമാക്കിയിരുന്നു.
തന്‍റെ ആദ്യ ഓവര്‍ മെയ്‌ഡനാക്കിയ സിറാജ് രണ്ടാം ഓവറില്‍ നാല് വിക്കറ്റുകള്‍ വീഴ്‌ത്തിക്കൊണ്ട് ലങ്കയെ കരയിപ്പിച്ചു. ആദ്യ പന്തില്‍ നിസ്സാങ്ക ജഡേജയുടെ കയ്യില്‍ അവസാനിച്ചു. മൂന്നാം പന്തില്‍ സദീര സമരവിക്രമയും നാലാം പന്തില്‍ അസലങ്കയും മടങ്ങിയതോടെ ലങ്ക കിടുങ്ങി. സദീരയെ സിറാജ് വിക്കറ്റിന് മുന്നില്‍ കുരുക്കിയപ്പോള്‍ അസലങ്കയെ ഇഷാന്‍ കിഷന്‍ പിടികൂടുകയായിരുന്നു.
തുടര്‍ന്നെത്തിയ ധനഞ്ജയ ഡി സിൽവ ബൗണ്ടറി നേടിത്തുടങ്ങിയെങ്കിലും തൊട്ടടുത്ത പന്തില്‍ രാഹുലിന്‍റെ കയ്യില്‍ അവസാനിച്ചു. ബുംറ എറിഞ്ഞ അഞ്ചാം ഓവറില്‍ വിക്കറ്റ് നഷ്‌ടപ്പെടുത്താതിരുന്ന ലങ്കയ്‌ക്ക് സിറാജ് വീണ്ടും പന്തെടുത്തതോടെ വീണ്ടും പ്രഹരമേറ്റു. പ്രതീക്ഷയായിരുന്ന ക്യാപ്റ്റന്‍ ദാസുന്‍ ഷനകയാണ് ഇത്തവണത്തെ ഇരയായത്.
പിന്നാലെ ഒന്നിച്ച കുശാല്‍ മെൻഡിസും ദുനിത് വെല്ലലഗെയും ചേര്‍ന്ന് ചെറുത്ത് നില്‍പ്പിന് ശ്രമിച്ചു. എന്നാല്‍ കുശാല്‍ മെൻഡിസിനെ (34 പന്തില്‍ 17) ബൗള്‍ഡാക്കി സിറാജ് വീണ്ടും ലങ്കയുടെ പ്രതീക്ഷ കെടുത്തി. തുടര്‍ന്ന് ദുനിത് വെല്ലലഗെയെ (21 പന്തില്‍ 8) പുറത്താക്കി ഹാര്‍ക് തുടങ്ങി. പിന്നാലെ പ്രമോദ് മധുഷൻ(6 പന്തില്‍ 1), മതീശ പതിരണ (1 പന്തില്‍ 0) എന്നിവരേയും താരം അരിഞ്ഞിട്ടതോടെ ലങ്കന്‍ ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു. ദുഷൻ ഹേമന്ത (15 പന്തുകളില്‍ 13) പുറത്താവാതെ നിന്നു.
ഇന്ത്യ (പ്ലേയിങ് ഇലവൻ) India Playing XI against Sri Lanka: രോഹിത് ശർമ (ക്യാപ്റ്റന്‍), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്‌ടൺ സുന്ദർ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.
ശ്രീലങ്ക (പ്ലേയിങ് ഇലവൻ)Sri Lanka Playing XI against India: പാത്തും നിസ്സാങ്ക, കുശാല്‍ പെരേര, കുശാല്‍ മെൻഡിസ് (വിക്കറ്റ് കീപ്പര്‍), സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, ദസുൻ ഷനക(ക്യാപ്റ്റന്‍), ദുനിത് വെല്ലലഗെ, ദുഷൻ ഹേമന്ത, പ്രമോദ് മധുഷൻ, മതീശ പതിരണ.