മുംബൈ: അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്കുള്ള സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ മടങ്ങിവരവ് വൈകും. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ബുംറ കളിക്കില്ലെന്ന് റിപ്പോര്‍ട്ട്. ഫിറ്റ്‌നസുമായി ബന്ധപ്പെട്ട ആശങ്കയെ തുടര്‍ന്ന് ബുംറയെ സ്‌ക്വാഡില്‍ നിന്നും ഒഴിവാക്കിയതായി വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു.
ആദ്യം പ്രഖ്യാപിച്ച സ്‌ക്വാഡിലില്ലാതിരുന്ന ബുംറയെ പിന്നീടാണ് ബിസിസിഐ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ബുംറയുടെ മടങ്ങിവരവിന്‍റെ കാര്യത്തില്‍ ബിസിസിഐ അനാവശ്യ തിടുക്കം കാണിച്ചുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ നടന്ന ബിസിസിഐ റിവ്യൂ മീറ്റിങ്ങില്‍ ബുംറയുടെ പരിക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തിരുന്നു.
ഏകദിന ലോകകപ്പ് ഉള്‍പ്പെടെ പ്രധാന ടൂര്‍ണമെന്‍റുകള്‍ പടിവാതില്‍ക്കലെത്തി നില്‍ക്കെ പൂര്‍ണ്ണ കായിക ക്ഷമത വീണ്ടെടുക്കുന്നതിനായി താരത്തിന് ആവശ്യമായ സമയം നല്‍കാനാണ് ബിസിസിഐ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ബുംറ അവസാനമായി ഇന്ത്യയ്‌ക്കായി കളിച്ചത്.